ramesh

ആലപ്പുഴ: നേതാക്കളുടെ നിരയിൽ ആലപ്പുഴയിലെ പോളിംഗ് ശ്രദ്ധേയമായി. വി.എസ്. അച്യുതാനന്ദൻ, എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ.ആർ.ഗൗരി അമ്മ, വയലാർ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളി, മന്ത്രിമാരായ ജി.സുധാകരൻ, തോമസ് എെസക്, പി.തിലാേത്തമൻ തുടങ്ങിയവരാണ് ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തിയ പ്രമുഖ നേതാക്കൾ.

ഭാര്യ വസുമതി, മകൻ അരുൺകുമാർ, മരുമകൾ ഡോ. രജനി എന്നിവരോടൊപ്പം രാവിലെ പതിനൊന്നിന് പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വി.എസ് വോട്ട് രേഖപ്പെടുത്തിയത്. എൽ.ഡി.എഫ് വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം വി.എസ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

വെള്ളാപ്പള്ളി നടേശൻ ഭാര്യ പ്രീതി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമകൾ ആശ തുഷാർ,ചെറുമകൻ ദേവൂ തുഷാർ എന്നിവരോടൊപ്പം ഉച്ചയ്ക്ക് ഒന്നിന് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എഴാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നെത്തിയ തുഷാർ വോട്ട് ചെയ്തശേഷം മടങ്ങി.

കെ.ആർ.ഗൗരിഅമ്മ വൈകിട്ട് മൂന്നിന് എസ്.ഡി.വി ഗേൾസ് ഹൈസ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി. ആര് ജയിക്കുമെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ വോട്ട് ചെയ്യുന്നത് രഹസ്യമല്ലേ എന്ന് തമാശരൂപേണ പറഞ്ഞ് ചെറുചിരിയോടെ ഗൗരിഅമ്മ മടങ്ങി. സംസ്ഥാനത്ത് വോട്ട് ചെയ്ത നേതാക്കളിൽ ഏറ്റവും പ്രായം കൂടിയത് ഗൗരിഅമ്മയായിരുന്നു. അതുകഴിഞ്ഞാൽ വി.എസും. പരസഹായത്തോടെയാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്.

രമേശ് ചെന്നിത്തല രാവിലെ തൃപ്പെരുംതുറ ഗവ.എൽ.പി സ്കൂളിലും കെ.സി.വേണുഗോപാൽ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്തു.

പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 87-ാം നമ്പർ ബൂത്തിൽ ആദ്യം വോട്ട് ചെയ്തത് മന്ത്രി ജി.സുധാകരനായിരുന്നു. ഭാര്യ ജൂബിലി നവപ്രതിഭയ്ക്കൊപ്പം രാവിലെ ഏഴിന് തന്നെ സുധാകരൻ ബൂത്തിലെത്തിയിരുന്നു.

മന്ത്രി തോമസ് ഐസക്ക് എസ്.ഡി.വി ബോയ്സ് ഹൈസ്ക്കൂളിലും മന്ത്രി പി.തിലോത്തമൻ ചേർത്തല തെക്ക് പഞ്ചായത്ത് 106-ാം നമ്പർ വി.വി.ഗ്രാമിലെ വ്യവസായ പരിശീലന കേന്ദ്രത്തിലും സ്‌പൈസസ് ബോർഡ് ചെയർമാനും ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസു കട്ടച്ചിറ സ്‌കൂളിലും സംവിധായകൻ ഫാസിലും മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴ സിവ്യൂ വാർഡിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.