കോഴിക്കോട്: തനിക്കെതിരെ കേസ് എടുത്ത പൊലീസ് ഓഫീസർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ പറഞ്ഞു.
സിവിൽ സ്റ്റേഷനടുത്ത് മാതൃബന്ധു വിദ്യാലയ എൽ.പി സ്കൂൾ 81-ാം നമ്പർ ബൂത്തിൽ രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെയാണ് പൊലീസ് ഓഫീസർ കേസ് എടുത്തത്. സാമാന്യ നീതിക്ക് നിരക്കാത്ത നടപടിയാണ്. പൊലീസിനെ ഉപയോഗിച്ച് എന്തും ചെയ്യാമെന്ന ധാരണയാണ് സംസ്ഥാന സർക്കാരിനുള്ളത്. ഇതിന് കനത്ത തിരിച്ചടി കോഴിക്കോട്ടെ ജനങ്ങൾ നൽകും. കഴിഞ്ഞ രണ്ട് മാസമായി ഇടത് മുന്നണി എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഇടപാടിന് കോഴ വാഗ്‌ദാനം ചെയ്തുകൊണ്ടുള്ള ഒളികാമറ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ എം.കെ. രാഘവന്റെ പേരിൽ നടക്കാവ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
ഹൈക്കോടതിയിലെ അഭിഭാഷകനായ അർജ്ജുൻ രാഘവനോടൊപ്പമാണ് എം.കെ. രാഘവൻ ഇന്നലെ വോട്ട് ചെയ്യാൻ എത്തിയത്. 7.35ന് ബൂത്തിൽ എത്തിയ അദ്ദേഹം ഇരുപത് മിനിട്ടോളം ക്യൂവിൽ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.