കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്‌ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഭീകരസഘടനയായ ഐസിസ് ഏറ്റെടുത്തു. ഐസിസിന്റെ തന്നെ വാർത്താ ഏജൻസിയായ അമാഖ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതൽ തെളിവുകൾ പുറത്തുവിട്ടിട്ടില്ല. സ്ഫോടനങ്ങളിൽ മരണം 321 ആയി ഉയർന്നിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. നാഷണൽ തൗഹീത് ജമാഅത്ത് എന്ന ഭീകര ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നും ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലീം പള്ളി ആക്രമിച്ചതിന്റെ പ്രതികാരമാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ശ്രീലങ്കൻ പ്രതിരോധമന്ത്രി റുവാൻ വിജെവർദ്ധനെ പാർലമെന്റിൽ വെളിപ്പെടുത്തി. അതിനിടെയാണ് ഐസിസ് ഉത്തരവാദിത്തം ഏറ്റെടുത്തത്.
നാഷണൽ തൗഹീത് ജമാഅത്ത് (എൻ.ടി.ജെ ) ഗ്രൂപ്പിലെ ഏഴ് ലങ്കൻ ചാവേറുകളാണ് സ്ഫോടനപരമ്പര നടത്തിയതെന്നു ശ്രീലങ്കൻ ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ രജിത സേനാരത്ന വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ ജമാ അത്തുൾ മിലാത്ത് ഇബ്രാഹിം (ജെ.എം.ഐ) എന്ന സംഘടനയുടെ പങ്കും സംശയിക്കുന്നതായി റുവാൻ വിജെവർദ്ധനെ പറഞ്ഞു. താരതമ്യേന ചെറിയ സംഘടനകളായ ഇവർക്ക് രാജ്യാന്തര സംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽവന്നു. ശ്രീലങ്കൻ പൊലീസിനൊപ്പം ഇന്റർപോളും ചേർന്നതോടെ മറ്റൊരു ഭീകരസംഘടനയായ ജമാഅത്ത് ഉൽ മുജാഹിദീന്റെ നേർക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മാർച്ച് 15 ന് വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്നതിനിടെയാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ അക്രമി വെടിവെയ്പ് നടത്തിയത്. വെടിവയ്ക്കുന്ന ദൃശ്യങ്ങൾ അക്രമി ഫേസ്ബുക്കിൽ ലൈവായി നൽകിയിരുന്നു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചിലർ മരിച്ചതോടെയാണ് മരണം 321 ആയത്. 500ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 30ഓളം വിദേശികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർക്കായി ഇന്നലെ രാവിലെ രാജ്യം മൂന്നു മിനിട്ട് മൗനപ്രാർത്ഥന നടത്തി. ആദ്യ സ്‌ഫോടനമുണ്ടായ 8.30നാണ് പ്രാർത്ഥന തുടങ്ങിയത്.സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന് ശേഷം ഏറ്റവും ആൾനാശമുണ്ടായ ആക്രമണമാണ് ശ്രീലങ്കയിൽ ഞായറാഴ്ചയുണ്ടായത്.