തൃശൂർ: തിരക്കുകൾക്കിടയിലും വോട്ടുമുടക്കാതെ താരങ്ങളും നേതാക്കളും ഉച്ചയ്ക്ക് മുമ്പ് തന്നെ പോളിംഗ് ബൂത്തിലെത്തി. ഭൂരിഭാഗം ചലച്ചിത്രതാരങ്ങളും രാവിലെ ബൂത്തിലെത്തിയെങ്കിലും ചിലർക്ക് വോട്ട് ചെയ്യാനായില്ല. നടി മഞ്ജുവാര്യർ പുള്ള് എ.എൽ.പി സ്‌കൂളിലും, സംഗീത നാടക അക്കാഡമി ചെയർപേഴസണും നടിയുമായ കെ.പി.എ.സി ലളിത വടക്കാഞ്ചേരി എങ്കക്കാട് സ്‌കൂളിലും, നടി രചന നാരായണൻകുട്ടി പാർളിക്കാട് ഗവ. യു.പി സ്കൂളിലും വോട്ട് ചെയ്തു. നടൻ ബിജു മേനോൻ ഷൂട്ടിംഗ് തിരക്കിലായതിനാലും, നടി ഭാവന ബംഗളൂരുവിലായതിനാലും വോട്ട് ചെയ്തില്ല. സംയുക്താ വർമ്മയും വോട്ട് ചെയ്തില്ല. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നടൻ ജോജു ജോർജിന് വോട്ടുചെയ്യാനായില്ല. സംവിധായകൻ സത്യൻ അന്തിക്കാട് അന്തിക്കാട് ഗവ.എൽ.പി സ്‌കൂളിലും, കലാമണ്ഡലം ഗോപി മുണ്ടൂർ സൽസബീൽ സ്‌കൂളിലും, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ തൃശൂർ മാർ അപ്രേം പള്ളി ബൂത്തിലും, കൽദായ ആർച്ച് ബിഷപ് ഡോ. മാർ അപ്രേം തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിലും, മലങ്കര ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത മണ്ണുത്തി വെറ്ററിനറി കോളേജിലും, സി.എൻ. ജയദേവൻ എം.പി മണലൂർ സെന്റ് തെരേസാസ് യു.പി സ്‌കൂളിലും, കെ.പി. രാജേന്ദ്രൻ പൂങ്കുന്നം ഗവ. ഹൈസ്‌കൂളിലും വോട്ടു ചെയ്തു.
മുൻമന്ത്രി കെ. രാധാകൃഷ്ണൻ തോന്നൂർക്കര സ്കൂളിലും, സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ എയ്യാൽ പ്രിയദർശിനി അംഗൻവാടിയിലും, ബി.ജെ.പി എസ്.സി. മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് വട്ടേക്കാട് തേശേരി എ.യു.പി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലും, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ കുന്നംകുളം കരിക്കാട് യു.പി സ്കൂളിലും, പെരുവനം കുട്ടൻമാരാർ ചേർപ്പ് സി.എൻ.എൻ സ്കൂളിലും, സംഗീതസംവിധായകൻ വിദ്യാധരൻ ആറാട്ടുപുഴ ആർ.എം.എൽ.പി സ്കൂളിലും, പ്രിയനന്ദനൻ വല്ലച്ചിറ ഗവ. യു.പി സ്കൂളിലും വോട്ട് ചെയ്തു. മലേഷ്യയിലെ ക്വലാലംപൂരിലായിരുന്ന യൂസഫലി വോട്ടു ചെയ്യാനായി തലേന്നാൾ നാട്ടിലെത്തി. വീടിന് സമീപത്തുള്ള നാട്ടിക എയ്ഡഡ് മാപ്പിള എൽ.പി സ്കൂളിലെ 115-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ടുചെയ്തത്.