ന്യൂഡൽഹി: ബോളിവുഡ് നടൻ സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് അദ്ദേഹം മത്സരിക്കുമെന്ന് സൂചനയുണ്ട്. 62കാരനായ സണ്ണി ഡിയോൾ കഴിഞ്ഞ ആഴ്ച ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമൃത്‌സറിൽ നിന്നോ ഗുർദാസ്പൂരിൽ നിന്നോ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സണ്ണി ഡിയോളിന്റെ പിതാവ് ധർമേന്ദ്ര രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നു മത്സരിച്ച് വിജയിച്ചിരുന്നു. മഥുരയിൽ നിന്നു മത്സരിക്കുന്ന ഭാര്യ ഹേമമാലിനിക്ക് വേണ്ടി ധർമേന്ദ്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
30 വർഷക്കാലമായി ബോളിവുഡ് സിനിമയിലെ സുപരിചിത മുഖമാണ് സണ്ണി ഡിയോൾ. നിരവധി സൂപ്പർഹിറ്റ് ഹിന്ദി ചിത്രങ്ങളിലെ നായകനാണ് അദ്ദേഹം. ബ്ലാങ്ക് ആണ് റിലീസ് ആവാനിരിക്കുന്ന പുതിയ ചിത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മേയ് 19നാണ് പഞ്ചാബിലും വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണൽ.