ന്യൂഡൽഹി: ഗോമൂത്രം കുടിച്ച് തന്റെ സ്‌തനാർബുദം മാറിയതായി ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞാസിംഗ് താക്കൂർ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പശുക്കളെ ചുറ്റിപ്പറ്റിയുള്ള വർത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
'എനിക്ക് സ്തനാർബുദമുണ്ടായിരുന്നു. ഗോമൂത്രവും പഞ്ചഗവ്യം ചേർത്ത ആയുർവേദ മരുന്നുകളും കഴിച്ചാണ് രോഗം ഭേദമാക്കിയത്. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാൽ എന്നിവ നിശ്ചിത അളവിൽ ചേർത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് ഞാൻ'- സാധ്വി അവകാശപ്പെട്ടു.
പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണ്. ഗോധനം അമൃതാണ്. ഒരാൾ പശുവിനെ ഒരു പ്രത്യേക രീതിയിൽ തടവിയാൽ അയാളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനാകും. പിന്നിൽ നിന്നു കഴുത്തിലേക്ക് തടവിയാൽ ഗോമാതാവിന് സന്തോഷമാവും. അത് നിങ്ങൾ ദിവസവും ചെയ്താൽ നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാവും. തിരിച്ചാണ് തടവുന്നതെങ്കിൽ രക്തസമ്മർദ്ദം മാറില്ല. ഇത് ശാസ്ത്രീയമാണെന്നും സാധ്വി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിനെതിരെ മത്സരിക്കുന്ന സാധ്വി തിങ്കളാഴ്ചയാണ് ഭോപ്പാലിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. മന്ത്രധ്വനികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ സാധ്വി ഇപ്പോൾ ജാമ്യത്തിലാണ്.