election-2019

തിരുവനന്തപുരം: വോട്ട് ചെയ്ത് മടങ്ങിയ ലീഗ് നേതാവ് ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലായി 10 പേർ കുഴഞ്ഞുവീണ് മരിച്ചു. മുസ്ളിംലീഗ്‌ നേതാവും തലശ്ശേരി മുൻ നഗരസഭാ കൗൺസിലറുമായ എ.കെ. മുസ്തഫ (52), കല്ലുംതാഴം പവിത്രം നഗർ 90 പാർവതി മന്ദിരത്തിൽ മണി (63), കൊല്ലങ്കോട് മലയാമ്പള്ളത്ത്‌ പരേതനായ നൂർ മുഹമ്മദിന്റെ ഭാര്യ മെഹബൂബ (65), പാറപ്പുറത്ത് പള്ളിപ്പാടൻ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ത്രേസ്യ (87), പുല്ലൂർ പൂവളപ്പിലെ കെ.ആർ. ബാബുരാജ് (45), കാഞ്ഞിരത്തിൻ കീഴിലെ മൂടോളിൽ വിജയി (67), മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ (74), തലയോലപ്പറമ്പ് മുളക്കുളം കാലായിൽ പരേതനായ ഔസേഫിന്റെ ഭാര്യ റോസമ്മ ഔസേഫ് (84), ചുഴലി ചാലുവയൽ വടക്കേ മൂലയിൽ താമസിക്കുന്ന പി.വി. വേണുഗോപാലമാരാർ (62), കിഴക്കേത്തറ പരേതനായ കണ്ടന്റെ ഭാര്യ തത്ത (90), അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലൻ (64), പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറ ചാക്കോ മത്തായി(67), കോട്ടയം പാറമ്പുഴ അർത്യാകുളം എ.പി. സുരേഷ്‌ (49) എന്നിവരാണ് മരിച്ചത്.

മാരിയമ്മൻ അൽമദ്‌റസത്തൂൽ എൽ.പി സ്‌കൂൾ ബൂത്തിൽ വോട്ട് ചെയ്തശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ മുൻ നഗരസഭാ വൈസ്‌ചെയർമാൻ പിലാക്കണ്ടി മുഹമ്മദലിയുടെ വീട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എ.കെ. മുസ്തഫയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്ളിംലീഗ് മുൻ ജില്ലാകൗൺസിലർ, മണ്ഡലം ട്രഷറർ, മുനിസിപ്പൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൈതേരിയിൽ യു.ബി. അബുവിന്റെയും തലശ്ശേരി ചിറക്കരയിലെ എ.കെ കുഞ്ഞാനുവിന്റെയും മകനാണ്. ഭാര്യ: ഇടയിൽപീടികയിലെ സെറീന. മക്കൾ: റസാന. ഫാസിമത്തുൽ അഫ്രിൻ, മുഹമ്മദ് അഫ്‌നാൻ. മരുമകൻ: ജഷർ (പെരിങ്ങാടി). ഇന്ന് രാവിലെ 10ന് തലശ്ശേരി സൈദാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.

കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തിയ അറുപത്തിമൂന്നു വയസുകാരനായ മണി (63) വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെന്നറിഞ്ഞ് പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൊല്ലങ്കോട് മലയാമ്പള്ളം എ.യു.പി.എസിലെ 67-ാം ബൂത്തിൽ വോട്ടുചെയ്യാനെത്തിയ മെഹബൂബ ഉച്ചയ്ക്ക് ഒന്നിനാണ് കുഴഞ്ഞുവീണ് മരിച്ചത്‌. മക്കൾ: സാലുദ്ദീൻ, ഖുദ്ദൂസ്, സുലൈമാൻ, റഫീഖ്, സക്കീർ, ജമീല, ലൈല, ഷൈറോജ, സഹീദ.

കാലടി കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറത്ത് ‌രാവിലെ എട്ടുമണിക്ക് വോട്ട് ചെയ്യാൻ ക്യൂ നിൽക്കവേയാണ്‌ ത്രേസ്യ കുഴഞ്ഞുവീണു മരിച്ചത്. മക്കൾ: റാണി, ലൈജു ,റജീന, അൽഫോൻസ, മരുമക്കൾ: വർഗീസ്, ജോസഫ്‌, ജോസ്, നീന. സംസ്കാരം ഇന്ന് രാവിലെ 9.30ന് പാറപ്പുറം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.

കാസർകോട് പുല്ലൂരിൽ മകളോടൊപ്പം വോട്ടു ചെയ്യാൻ പോകുമ്പോഴാണ്‌ കെ.ആർ. ബാബുരാജ് (45) കുഴഞ്ഞുവീണ്‌ മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ഹരിപുരം - ഉദയനഗർ റോഡിൽ കൂടി മകൾ സബിതയോടൊപ്പം പുല്ലൂർ ഗവ. യു.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലേക്ക് നടന്നുപോകുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവറാണ്. എൻ.എസ്.എസ്‌ കരയോഗം പ്രവർത്തകനാണ്. ഭാര്യ​: പി. സുജാത. മക്കൾ: കെ.ആർ. സബിതരാജ് (ഡിഗ്രി വിദ്യാർത്ഥിനി, മുന്നാട് പീപ്പിൾസ്‌ കോളേജ്),​ കെ.ആർ. സുബിൻ രാജ് (വിദ്യാർത്ഥി, കാസർകോട് ഗവ. പോളി,​ പെരിയ).

തലശ്ശേരി കാഞ്ഞിരത്തിൻകീഴിലെ 158-ാം നമ്പർ ബൂത്തിലെത്തിയാണ്‌ മൂടോളിൽ വിജയി (67) കുഴഞ്ഞുവീണ് മരിച്ചത്. മാഹി സ്പിന്നിംഗ് മില്ലിൽനിന്നു വിരമിച്ച പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: രേഷ്മ, വിജേഷ് (മലബാർ ബുക്‌സ്, തലശ്ശേരി). മരുമകൻ: സജീവൻ (എസ്.ബി.ഐ മാഹി).

ഉച്ചയ്ക്ക് 12 ഓടെയാണ്‌ മാവേലിക്കര കണ്ടിയൂർ യു.പി സ്കൂളിൽ വോട്ട് ചെയ്തു പുറത്തിറങ്ങിയ പ്രഭാകരൻ കുഴഞ്ഞുവീണു മരിച്ചത്. റിട്ട.അദ്ധ്യാപകനാണ്. വിശ്വകർമ്മ മഹാസഭ കണ്ടിയൂർ മറ്റം ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: കനകലക്ഷ്മിയമ്മാൾ. മകൾ: കനകപ്രഭ. മരുമകൻ: ബാലേന്ദു കുമാർ.

തലയോലപ്പറമ്പ് ഗവ.എൽ.പി സ്‌കൂളിൽ വോട്ട് ചെയ്യാനായി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വാഹനത്തിൽ കയറുന്നതിനിടെയാണ് റോസമ്മ ഔസേഫ് കുഴഞ്ഞുവീണ്‌ മരിച്ചത്. മക്കൾ അമ്മിണി, മേരി, പരേതയായ എൽസമ്മ, അപ്പച്ചൻ, മോളി,രാജു (നഴ്‌സ്, യു.കെ). മരുമക്കൾ: തോമസ്, ജോയി, ബേബി, സിസിലി, ജോസ്, സിസിലി (നഴ്‌സ്, യു.കെ). സംസ്‌കാരം നാളെ വൈകിട്ട് 3ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ.

കണ്ണൂർ ശ്രീകണ്ഠപുരം ചുഴലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 89-ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്തശേഷം 11 മണിയോടെ മടങ്ങവേയാണ്‌ വാദ്യകലാകാരനായ പി.വി. വേണുഗോപാല മാരാർ (62) കുഴഞ്ഞുവീണ്‌ മരിച്ചത്. ചെണ്ട, കൊമ്പ് വാദ്യങ്ങളിൽ പ്രാവീണ്യമുള്ളയാളാണ്. ഭാര്യ: ശ്രീദേവി. മക്കൾ: ദീപ, ദീപു (കോയമ്പത്തൂർ). മരുമകൻ: ഹരിദാസൻ (വയത്തൂർ). സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.

ആലത്തൂർ എരിമയൂർ സെന്റ് തോമസ് മിഷൻ എൽ.പി.എസിലെ 43​-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തത്ത (90) കുഴഞ്ഞുവീണ് മരിച്ചത്. 7.30ന് സ്‌കൂളിന് മുന്നിലെത്തിയതും തളർന്നുവീഴുകയായിരുന്നു. മക്കൾ: രാജൻ, ദേവു, രാധ, ചിന്നമ്മു, വിജയ. മരുമകൾ: വസന്ത.

കല്പറ്റ പനമരത്ത് വോട്ട് ചെയ്യാൻ വീട്ടിൽനിന്ന് ഇറങ്ങി നടക്കുമ്പോഴാണ് ബാലൻ (64) വഴിയിൽ കുഴഞ്ഞുവീണു മരിച്ചത്. ബൂത്തിൽ ക്യൂ നിൽക്കുമ്പോഴാണ് ചാക്കോ മത്തായി കുഴഞ്ഞുവീണ് ‌മരിച്ചത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ എ.പി. സുരേഷ് പാറമ്പുഴ ദേവീവിലാസം സ്‌കൂളിലെ ബൂത്തിന് മുന്നിലാണ്‌ കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യ ബീന. മക്കൾ: അനന്തു, അഭിരാം.