കൊല്ലം: വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേരില്ലെന്നറിഞ്ഞ് വ്യാകുലപ്പെട്ട ഗൃഹനാഥൻ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കല്ലുംതാഴം പവിത്രം നഗർ 90, പാർവതി മന്ദിരത്തിൽ മണിയാണ് (63) മരിച്ചത്.
ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ കിളികൊല്ലൂർ എൽ.പി.സ്കൂൾ അഞ്ചാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മണി രാവിലെ ഏഴരയോടെയാണ് കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വോട്ട് ചെയ്യാനെത്തി ലിസ്റ്റ് നോക്കിയപ്പോഴാണ് മണിയുടെ പേര് അതിൽ ഇല്ലെന്ന് മനസിലായത്. ഇതേക്കുറിച്ച് പോളിംഗ് ഓഫീസറുമായി സംസാരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്.