news

1. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിംഗ്. സംസ്ഥാനത്ത് പോളിംഗ് 74 ശതമാനം പിന്നിട്ടു. ആറ് മണി കഴിഞ്ഞിട്ടും പലയിടത്തും സമ്മതിദായകുടെ നീണ്ട നിര തുടരുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി ആണ് വോട്ടിംഗ് പുരോഗമിക്കുന്നത്. 19 മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 70 പിന്നിട്ടു. 7 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം പിന്നിട്ടു. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരില്‍, 78.17 ശതമാനം. കുറവ് പോളിംഗ് രേഖപ്പെടുത്തിയത് പൊന്നാനിയില്‍. വയനാട്ടില്‍ റെക്കാര്‍ഡ് പോളിംഗ്, 76.22 ശതമാനം.

2. 2009ലെ പോളിംഗ് ശതമാനമാണ് മറികടന്നത്. വോട്ട് ചെയ്തവരില്‍ അധികവും സ്ത്രീകള്‍. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നു. ആദ്യ മണിക്കൂറുകളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പിന്നീട് ഇത് പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. തിരുവനന്തപുരത്ത് ചൊവ്വരയില്‍ കൈപ്പത്തിയ്ക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് തെളിയുന്നതായി യു.ഡി.എഫിന്റെ പരാതി.

3. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണ് വോട്ട് ഒരു ചിഹ്നത്തില്‍ മാത്രം പതിയാന്‍ കാരണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ചേര്‍ത്തലയില്‍ മോക്ക് പോളില്‍ ചെയ്ത വോട്ടെല്ലാം താമരയില്‍ പതിഞ്ഞതും പ്രതിഷേധത്തിന് വഴിവച്ചു. ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. മരിച്ചവരേയും ഇരട്ടിച്ച പേരുകളും പരമാവധി ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ച ശേഷമുള്ള കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം ആയിരുന്നു പോളിംഗ്. ഇക്കുറി അത് മറികടക്കും എന്നാണ് സൂചന.

4. അതേസമയം, സംസ്ഥാനത്ത് പോളിംഗിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരും പത്തനംതിട്ടയും കൊല്ലത്തും വോട്ട് ചെയ്യാന്‍ എത്തിയവരാണ് കുഴഞ്ഞു വീണ് മരിച്ചത്. തിരഞ്ഞെടുപ്പിനെ കണ്ണൂരും കോഴിക്കോടും വ്യാപക അക്രമവും അരങ്ങേറി. കണ്ണൂര്‍ തളിപ്പറമ്പില്‍ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തു തള്ളും. വോട്ടിംഗ് യന്ത്രം നിലത്ത് വീണ് തകര്‍ന്നതിനെ തുടര്‍ന്ന് വോട്ടിംഗ് തത്കാലികമായി നിറുത്തി വച്ചിരുന്നു. കാസര്‍ക്കോട് വോട്ടെടുപ്പിനിടെ നടന്ന് ആക്രമത്തില്‍ മൂന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

5. വോട്ടിംഗ് യന്ത്രത്തിലെ തകരാറിന് എതിരായ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രത്തിലെ തകരാറില്‍ പരാതി പറയുന്നവര്‍ക്ക് എതിരെ കേസ് എടുക്കുന്ന നടപടി അംഗീകരിക്കാനാവില്ല. പരാതിക്കാര്‍ സാങ്കേതിക പ്രശ്നം തെളിയിക്കണം എന്നത് ശരിയല്ലെന്നും പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം, ഇ.വി.എം മെഷീനുകളുടെ തകരാര്‍ പരാതിക്കാര്‍ തെളിയിക്കണം എന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതിന് പിന്നാലെ.

6. ഇന്ത്യന്‍ ശിക്ഷാ നിയമം 177ാം വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് ആയിരുന്നു തിരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പരാതിയില്‍ ഉറച്ച് നിന്നാല്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടന്ന എന്ന ആരോപണം നേരത്തെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളിയിരുന്നു. വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ സ്വാഭാവികം. മുഖ്യമന്ത്രി ഉന്നയിച്ച പരാതി ഗൗരവമായി കാണുമെന്നും പ്രതികരണം.

7. തിരുവനന്തപുരം പട്ടത്ത് വോട്ടിംഗ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പരാതിക്കാരന്‍ എബിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നടപടി, ഇയാളെ അറസ്റ്റ് ചെയ്തതിന് എതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ടെസ്റ്റ് വോട്ട് പരാജയപ്പെട്ടതോടെ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ആയിരുന്നു എബിന്റെ ആരോപണം. തിരുവനന്തപുരം കോവളത്തെ ചൊവ്വരയിലും വോട്ട് മിഷനിലെ ക്രമക്കേടിനെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. കൈപ്പത്തിക്ക് കുത്തിയ വോട്ട് താമര ചിഹ്നത്തില്‍ തെളിഞ്ഞതായി എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പരാതി.

8. റഫാല്‍ വിവാദവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസ് ഇന്ന് തന്നെ പരിഗണിക്കണം എന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളി. തന്റെ മറുപടി അംഗീകരിച്ച് ഹര്‍ജി തള്ളണം എന്നായിരുന്നു രാഹുലിന്റെ ആവശ്യം. കോടതി അലക്ഷ്യ ഹര്‍ജിയും റഫാല്‍ പുനപരിശോധന ഹര്‍ജിയും ഏപ്രില്‍ 30ന് സുപ്രീം കോടതി പരിഗണിക്കും.

9. കാവല്‍ക്കാരന്‍ കള്ളന്‍ എന്ന് സുപ്രീംകോടതി പറഞ്ഞു എന്ന വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി ആണ് രാഹുലിന് എതിരെ ഹര്‍ജി നല്‍കിയത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ നില്‍ക്കെ കോടതി ഉത്തരവ് വായിക്കും മുമ്പ് മാദ്ധ്യമ റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി ആയിരുന്നു പരാമര്‍ശം, അതിനെ രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗം ചെയ്ത് എന്നായിരുന്നു രാഹുലിന്റെ വിശദീകരണം

10. ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഐസിസ്. തീവ്രവാദ സംഘടനയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ അമാഖ് പുറത്ത് വിട്ടിട്ടില്ല. മുന്നൂറില്‍ അധികം പേരുടെ ജീവനാണ് സ്‌ഫോടന പരമ്പരയില്‍ പൊലിഞ്ഞത്. ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തത് എട്ടിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനം ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടിയെന്ന് സര്‍ക്കാരിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെ.

11. കഴിഞ്ഞ മാസം ന്യൂസ്ലാന്‍ഡിലെ ക്രൈസ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുമായി നടന്ന ആക്രമണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ തിരിച്ചടിയാണ് രാജ്യത്ത് ഉണ്ടായത് എന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെ. അതിനിടെ, ക്രിസ്ത്യന്‍ പള്ളിയില്‍ എത്തിയ ചാവേര്‍ എന്ന സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങളും പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, പരിക്കേറ്റ 20 പേര്‍ കൂടി മരിച്ചതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 310 ആയി