കൊല്ലം: കൊല്ലം തങ്കശേരി സ്വദേശി മാർഗരറ്റും മാടൻനട സ്വദേശി മഞ്ജുവും വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും സ്വന്തം വോട്ട് മറ്റാരോ ചെയ്തിരുന്നു. പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്കൂളിലെ 50-ാം ബൂത്തിലാണ് ആദ്യം കള്ളവോട്ട് കണ്ടെത്തിയത്. മഞ്ജു രാവിലെ 7.45ന് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമാണ് വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത്. അതിന് മുൻപ് തന്നെ മഞ്ചുവിന്റെ വോട്ട് ചെയ്തിരുന്നു. രാവിലെ ബൂത്തിൽ രണ്ടാമതായി വോട്ട് ചെയ്ത സ്ത്രീയാണ് കള്ളവോട്ട് ചെയ്തതെന്ന് സംശയിക്കുന്നു. അവർ വോട്ട് ചെയ്യാനെത്തിയപ്പോൾ പോളിംഗ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും അവസരം നൽകുകയായിരുന്നു. യഥാർത്ഥ വോട്ടറായ തന്നെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മഞ്ജുവിന് ബാലറ്റ് പേപ്പറിൽ ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി. കള്ളവോട്ട് ചെയ്തയാളെ കണ്ടെത്തണമെന്ന് മഞ്ജു ആവശ്യപ്പെട്ടു.
വിഷ്‌ണത്ത്കാവ് ക്ഷേത്രത്തിന് സമീപത്തെ 92-ാം ബൂത്തിലാണ് രണ്ടാമത്തെ കള്ളവോട്ട് നടന്നത്. തങ്കശേരി ലോറക്‌സ് വില്ലയിൽ മാർഗരറ്റ് ലോറൻസ് (51) രാവിലെ 11.30 ന് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വോട്ട് നേരത്തെ തന്നെ രേഖപ്പെടുത്തിയതായി അറിഞ്ഞത്. ഭർത്താവും മകനും രാവിലെ ഇതേ ബൂത്തിലെത്തി വോട്ട് ചെയ്തിരുന്നു. ഇളയമകനുമൊത്താണ് മാർഗരറ്റ് എത്തിയത്. മാർഗരറ്റിന് വോട്ട് ചെയ്യാനായില്ലെങ്കിലും മകൻ വോട്ട് ചെയ്തു. പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. തുടർന്ന് കളക്‌ടറേറ്റിലെത്തി വരണാധികാരിയായ കളക്‌ടറെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉദ്യോഗസ്ഥർ മാർഗരറ്റിനെ തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് അയച്ചു. പക്ഷേ അവിടെയും പരാതി സ്വീകരിച്ചില്ല. ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാടെങ്കിലും ടെൻഡർ വോട്ടിന് മാർഗരറ്റ് തയ്യാറായില്ല. വോട്ടർ ഐ.ഡിയിലെ വിവരം വച്ച് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തണമെന്ന് മാർഗരറ്റ് ആവശ്യപ്പെട്ടു. കള്ളവോട്ടുകൾ ഗൗരവമായി കാണുമെന്ന് ജില്ലാ വരണാധികാരിയായ കളക്‌ടർ ഡോ.എസ്.കാർത്തികയേൻ പറഞ്ഞു. കള്ളവോട്ട് ചെയ്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.