തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാർ സംഭവിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആഞ്ഞടിച്ച് നേതാക്കൾ. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാൾക്കെതിരെ കേസെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി അംഗീകരിക്കാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പരാതിക്കാർക്കെതിരെ കേസെടുക്കുന്നത് എവിടുത്തെ നിയമമാണ്. ഇക്കാര്യത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി അംഗീകരിക്കാൻ ആവില്ലെന്നും ചെന്നിത്തല പറഞ്ഞു. വോട്ടിങ് യന്ത്രങ്ങൾക്ക് തകരാറില്ലെന്ന് കമ്മീഷൻ ഉറപ്പുവരുത്തേണ്ടിയിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമർശിച്ചിരുന്നു.
എന്നാൽ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിംഗ് മെഷീൻ മാത്രമാണ് പണിമുടക്കിയതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ച് രംഗത്ത് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ ഇതിലും കൂടുതൽ ശതമാനം മെഷീനുകൾ തകരാറിലായിട്ടുണ്ട്. മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോയ കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. കോവളത്തും പട്ടത്തും ചിഹ്നം മാറി വോട്ടു വീണെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് ക്രമക്കേട് ഉന്നയിച്ചവർ രംഗത്തെത്തിയത്. തുടർന്ന് പരാതിക്കാരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്ന കാര്യം കമ്മീഷൻ ഗൗരവത്തിലെടുത്തില്ല. മോദിയുടെ മെഷീൻ കേരളത്തിലുമെത്തിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കമ്മീഷന്റേത് പരാതിക്കാരനെ ക്രൂശിക്കുന്ന നടപടിയാണ്. ബാലറ്റ് പേപ്പറുകൾ വേണമെന്ന ആവശ്യം കോണൺഗ്രസ് ശക്തമാക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ചെയ്യുന്ന വോട്ടെല്ലാം താമരയ്ക്ക് അനുകൂലമായി വരുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് സ്ഥാനാര്‍ഥി ശശി തരൂർ ആവശ്യപ്പെട്ടു.