asian-athletics-point-of-
asian athletics point of view

പ്രകടനത്തിൽ പുരോഗതിയില്ലെന്നു പറഞ്ഞ് മൂന്നു വർഷം മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്താക്കപ്പെട്ടവളാണ് കഴിഞ്ഞ രാത്രി ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ 800 മീറ്ററിൽ സ്വർണം നേടിയ ഗോമതി മാരിമുത്തു. സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഗോമതിക്ക് മുന്നിൽ വീണ്ടും ഇന്ത്യൻ ക്യാമ്പിലേക്കുള്ള വാതിൽ തുറക്കാൻ ഇടയാക്കിയത്. താൻ പോരാ എന്നുപറഞ്ഞ അതേ കോച്ചിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ മാർച്ചിൽ പരിശീലനം പുനരാരംഭിച്ചപ്പോൾ ഇൗ അദ്ഭുതം ഗോമതിയും പ്രതീക്ഷിച്ചില്ല.

" ഒരു മെഡൽ പ്രതീക്ഷിച്ചു. പക്ഷേ, സ്വർണം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു " .ഗോമതി തുറന്നു പറഞ്ഞു.2013 ൽ ഏഴാമതും 2015ൽ നാലാമതും ഫിനിഷ് ചെയ്ത ഗോമതിക്ക് പരുക്കുമൂലം 2017ൽ മത്സരിക്കാനായിരുന്നില്ല. ഒരു കാലത്ത് ഏഷ്യൻ തലത്തിൽ ഇന്ത്യൻ വനിതകൾ കുത്തകയാക്കിയിരുന്ന രണ്ടു ലാപ്പ് ഒാട്ടത്തിൽ ഗോമതിയെ പുതിയ താരോദയം എന്നു വിശേഷിക്കാനാവില്ല.ഗോമതിക്കു പ്രായം 30 അയി. പക്ഷേ, ഇതേ വേദിയിൽ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കാം.പിന്നെ,2022 ൽ ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷയോടെ ഇറങ്ങാം. അത്രമാത്രം ഇപ്പോൾ ചിന്തിക്കാം.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ചു വർഷമായി ബെംഗളുരുവിൽ ഇൻകം ടാക്സ് വകുപ്പിലാണു ജോലി നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതിയുടേത്. രണ്ടു മിനിട്ടിൽ താഴെ 800 മീറ്റർ ഓടിയിട്ടുള്ള കസഖ്സ്ഥാൻ താരം മാർഗരിറ്റയെയും ചൈനയുടെ വാങ് ചുൻ യുവിനെയും അട്ടിമറിച്ചാണ് ഗോമതി സ്വർണം നേടിയത്.

നല്ല മത്സരം ലഭിച്ചതാണ് ഗോമതിക്ക് അനുഗ്രഹമായത്.