കൽപറ്റ: ചെതലയം കുറിച്യാട് കോളനിക്കാർ ജന്മനാട്ടിലെ അവസാന വോട്ട് ചെയ്ത് മടങ്ങിയപ്പോൾ വിസ്മൃതിയിലാകുന്നത് കാട്ടിനകത്തെ ഒരു ബൂത്ത് കൂടിയാണ്. കുറിച്യാട് ഉൾവനത്തോട് ചേർന്ന് താമസിക്കുന്ന 24 കുടുംബങ്ങളിലെ 57 വോട്ടർമാരാണ് ജന്മനാട്ടിലെ അവസാന വോട്ട് ചെയ്ത് മടങ്ങിയത്. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇവർ ഇനി മറ്റൊരിടത്തേക്ക് താമസം മാറും.
29 സ്ത്രീകളും 29 പുരുഷന്മാരുമാണ് ഇവിടെ വോട്ടർമാരായുള്ളത്. ഇതിൽ 29 സ്ത്രീകളും 28 പുരുഷന്മാരും ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ വോട്ട് ചെയ്തു. ആദ്യം വോട്ട് രേഖപ്പെടുത്തിയത് രവി മാസ്തിയും ഒടുവിൽ വോട്ട് ചെയ്തത് രാജു ബൊമ്മനുമാണ്. പ്രിസൈഡിംഗ് ഓഫീസർ വൈകിട്ട് രാജു ബൊമ്മനെ നേരിട്ടു പോയി വിളിച്ചുകൊണ്ടു വന്നാണ് വോട്ടു ചെയ്യിച്ചത്. 2016 മുതൽ പ്രവർത്തനമില്ലാതെ കിടന്ന ഏകാദ്ധ്യാപക വിദ്യാലയമാണ് പോളിംഗ് ബൂത്തായി ക്രമീകരിച്ചത്. നേരത്തെ കരടി പ്രസവിച്ച് കിടന്നിരുന്ന മുറി ആയിരുന്നു ഇത്. പിന്നീട് കാട്ടാന ബൂത്ത് തകർത്തു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഇത് പുനർനിർമ്മിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഇവിടത്തെ വോട്ടർമാരെല്ലാം കാട്ടുനായ്ക്കർ വിഭാഗത്തിൽ ഉള്ളവരാണ്. സ്‌കൂളുകൾ പൂട്ടി, ജോലി നൽകാൻ ആളുമില്ലാതായതോടെ ഇനി സർക്കാർ തരുന്ന സ്ഥലത്തേക്ക് മാറുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കോളനിയിലെ രാജേഷ് പറഞ്ഞു. ഇയാളുടെ മൂത്ത മക്കളായ അർജുൻരാജിനും അർച്ചനക്കും പഠിക്കാൻ ഇവിടെ സ്‌കൂളില്ല. നേരത്തേയുണ്ടായിരുന്ന അംഗൻവാടിയും എൽ.പി. സ്‌കൂളും പുനരധിവാസത്തിന്റെ ഭാഗമായി പൂട്ടുകയും ചെയ്തു.
ഫോട്ടോ-
വയനാട് ചെതലയം കുറിച്യാട്ടെ ഉൾവനത്തിലുള്ള പോളിംഗ് ബൂത്ത്