pm-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് രണ്ട് മുതൽ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നിരന്തരമായി മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇക്കാര്യത്തിൽ നടപടി എടുക്കാൻ ആവശ്യപ്പെട്ടെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

മോദി വളരെ സാധാരണയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നു. ഇന്ന് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയ ശേഷം നീണ്ട ഘോഷയാത്ര നടത്തി പ്രസംഗിച്ചു. ഇത്രയും വ്യക്തമായി ഇതുവരെ മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ പ്രചാരണ പരിപാടികളിൽ നിന്നും 48 മുതല്‍ 78 മണിക്കൂർ വരെ വിലക്കാൻ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിംഗ്‌വി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഹമ്മദാബാദിലെ ബുത്തിലെത്തി പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി. വോട്ടിന്റെ കരുത്ത് ബോംബിനേക്കാൾ പതിന്മടങ്ങ് ശക്തമാണ്. ഭീകരതയുടെ ആയുധം ഐ.ഇ.ഡി ആണെങ്കിൽ ജനാധിപത്യത്തിന്റെ ആയുധം വോട്ടർ ഐഡിയാണ്. വോട്ട് ചെയ്തത് കുംഭമേളയിൽ സ്‌നാനം ചെയ്തതുപോലെ പവിത്രമായ അനുഭവമാണ്' എന്നാണ് വോട്ടിന് ശേഷം മോദി പറഞ്ഞത്.