കൊല്ലം: കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തതിനേക്കാൾ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചാണ് ട്രാൻസ്ജെൻഡറായ രഞ്ചു ഇത്തവണ വോട്ട് ചെയ്തത്.
സ്ത്രീയല്ലെങ്കിലും സ്ത്രീയെന്നാണ് നേരത്തെ വോട്ടർ പട്ടികയിൽ രഞ്ചുവിന്റെ പേരിന്റെ നേർക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത്തവണയത് തേർഡ് ജെൻഡറെന്ന് മാറി.
തിരക്കേറിയ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ചുവിന് ഇന്നലെ രാവിലെ ഒരു വിവാഹ മേക്കപ്പ് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ട്രാൻസ്ജെൻഡർ സമൂഹത്തെ അംഗീകരിച്ചതിനാൽ വിവാഹ മേക്കപ്പ് ഉപേക്ഷിച്ചാണ് വീടിനടുത്തുള്ള പുന്തലത്താഴം മീനാക്ഷിവിലാസം ഗവ. എച്ച്.എസ്.എസിലെ ബൂത്തിലെത്തി വോട്ട് ചെയ്തത്. ഒപ്പം അമ്മയും സഹോദരനും സഹോദരിയും അളിയനുമുണ്ടായിരുന്നു. വോട്ട് ചെയ്തശേഷം ചലച്ചിത്ര താരം പ്രിയാമണിക്ക് പരസ്യചിത്രത്തിൽ മേക്കപ്പിടാൻ ബംഗളുരുവിലേക്ക് വണ്ടി കയറുകയും ചെയ്തു.