bjp

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ കേരളത്തിൽ വൻ പോളിംഗാണ് ഈ ഇത്തവണ ഉണ്ടായിട്ടുള്ളത്. ഇപ്പോഴും ആയിരങ്ങൾ വോട്ട് ചെയ്യാൻ ബൂത്തിൽ ക്യൂ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പത്തനംതിട്ടയിലെയും തിരുവനന്തപുരത്തും പോളിംഗ് വർദ്ധിക്കുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ വെറും 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കുറി 75 ശതമാനം കഴിയാനാണ് സാദ്ധ്യത.

നേരം ഇരുട്ടിയിട്ടും പോളിംഗ് ബൂത്തുകളിൽ ജനങ്ങൾ തടിച്ച് കൂടുന്നത് പോളിംഗ് വർദ്ധിക്കാൻ കാരണമാകുന്നു. തിരുവനന്തപുത്ത് 72 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നത്. കഴിഞ്ഞ തവണ അവിടെ 68 ശതമാനം മാത്രം പോളിംഗ് നടന്ന സ്ഥാനത്താണിത്. ഇവിടെ പോളിംഗ് വർദ്ധിച്ചത് മൂന്ന് മുന്നണികളും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നിരവധി വിഷയങ്ങൾ മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ടെന്ന് വിലയിരുത്തുന്നു.

ശക്തമായ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ ശബരിമല വിഷയം ചർച്ചായിട്ടുണ്ട്. അത് ഇടതുപക്ഷത്തന് അനുകൂലമായിരിക്കുമോ പ്രതികൂലമായിരിക്കുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഇത്തവണ ഈ രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പി അവരുടെ ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തിലാണ്. കുമ്മനത്തെ മിസോറാമിൽ നിന്നും തിരിച്ച് വിളിച്ചതും കെ. സുരേന്ദ്രനെ അവസാന നിമിഷം കളത്തിലിറക്കിയതും മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ശബരിമല വിഷയം ചർച്ചയാകാത്ത മലപ്പുറത്തും പൊന്നാനിയിലും വോട്ടുവർദ്ധന ഉണ്ടായില്ലെന്നും എന്നാൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും പോളിംഗ് വർദ്ധിച്ചത് തങ്ങൾക്ക് അനുകൂലമാണെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കുന്നു. അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല നല്ല സംഖ്യയായിരിക്കും. വോട്ടിങ് ശതമാനം കൂടിയത് ശബരിമല വിഷയം കാരണമാണ് എന്നാണ് വിലയിരുത്തുന്നതെന്നും ബി.ജെ.പി വക്താവ് എം.എസ്.കുമാർ പറഞ്ഞു.

എന്നാൽ ഇടതുപക്ഷം ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടത്തിയത്. ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് വയനാട്ടിൽ മത്സരത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ സ്വാധീനവും പോളിംഗ് വർദ്ധിക്കാൻ കാരണമായിട്ടുണ്ടമെന്നും വിലയിരുത്തുന്നു. എന്തായാലും ജനം ആ‍ർക്കൊപ്പം നിൽക്കും എന്നറിയാൻ ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം എന്നേയുള്ളു.