ന്യൂഡൽഹി: ചെറുകിട കർഷകർക്കായി കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ കേന്ദ്രസർക്കാർ ഇതിനകം വിതരണം ചെയ്‌തത് 10,500 കോടി രൂപ. 3.10 കോടി കർഷകർ ആദ്യ ഗഡുവായ 2,000 രൂപയും 2.10 കോടി കർഷകർ രണ്ടാംഗഡുവും ചേർത്തുള്ള 4,000 രൂപയും നേടി. കർഷകർക്ക് പ്രതിവർഷം മൂന്നു ഗഡുക്കളായി 6,000 രൂപ നൽകുന്ന പദ്ധതിയാണിത്. മൊത്തം 12 കോടിപ്പേർക്ക് പ്രയോജനകരമാകുന്ന പദ്ധതിക്കായി 75,000 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കിവയ്‌ക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് പദ്ധതിയിലെ രണ്ടാംഗഡുവിന്റെ വിതരണം നടത്തിയത്. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയാണ് ഏറ്രവും കൂടുതൽ പേർ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌ത സംസ്ഥാനങ്ങൾ. ഉത്തർപ്രദേശിൽ നിന്ന് മാത്രം 1.01 കോടി കർഷകരാണ് ഇതിനകം 4,000 രൂപ വീതം നേടിയത്.