കായംകുളം: രാത്രി വൈകിയും വോട്ടെടുപ്പ് നടന്ന ചേരാവള്ളി എൽ.പി സ്കൂളിലെ 99-ാം നമ്പർ ബൂത്തിൽ വൈകിട്ട് ഏഴ് മണിയോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
നീണ്ട ക്യൂ ഉണ്ടായിരുന്നതിനാൽ ആറു മണിയോടെ 225 പേർക്ക് പാസ് നൽകിയശേഷം ഗേറ്റ് അടച്ചിരുന്നു. വേട്ടെടുപ്പ് നീണ്ടുപോകുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ഷാനിമോളെ സി.പി.എം പ്രവർത്തകർ തടയാൻ ശ്രമിച്ചതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്. പൊലീസ് ഗേറ്റ് തുറന്ന് ഷാനിമോളെ അകത്ത് പ്രവേശിപ്പിച്ചുവെങ്കിലും കൂടെയുണ്ടായിരുന്ന നേതാക്കളെ കയറ്റിവിട്ടില്ല. ഇതോടെ ഷാനിമോൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇരു വിഭാഗവും സംഘടിച്ചതോടെ കൂടുതൽ പൊലീസ് എത്തി ബൂത്തിന് സംരക്ഷണം നൽകി. രാത്രി 8.40നാണ് ഇവിടെ പോളിംഗ് അവസാനിച്ചത്.