vvpat

തിരുവനന്തപുരം: രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ വൻനിര രൂപപ്പെട്ടിരുന്നു. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 15ശതമാനം പോളിംഗ് നടന്നു. 11മണിയായപ്പോൾ 23 ശതമാനമായി. പാലക്കാട്, കോട്ടയം മണ്ഡലങ്ങളിൽ അപ്പോൾ 25ശതമാനമായി. ഉച്ചയ്ക്ക് 12 ഓടെ 34 ശതമാനത്തിലും മൂന്ന് മണിയോടെ 53 ശതമാനത്തിലുമെത്തി. ആദ്യമണിക്കൂറുകളിൽ പുരുഷവോട്ടർമാരായിരുന്നു കൂടുതലെങ്കിലും പിന്നീട് സ്ത്രീകളുടെ ഒഴുക്കായി.

കാസർകോടും മറ്റും ഉച്ചകഴിഞ്ഞ് മഴ പെയ്തത് പോളിംഗ് മന്ദഗതിയിലാക്കി. കനത്ത ചൂടിനെ വകവയ്ക്കാതെയാണ് വോട്ടർമാർ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിച്ചത്. 2,61,51,534 വോട്ടർമാർക്കായി 24,970ബൂത്തുകളാണ് ഒരുക്കിയത്.

കൊല്ലത്തും മലപ്പുറത്തും കള്ളവോട്ട് നടന്നതായി ആരോപണമുയർന്നു.തിരുവനന്തപുരം പട്ടത്ത് വി.വി പാറ്റ് മെഷീനിൽ സ്ലിപ്പ് കണ്ടില്ലെന്ന് പരാതിപ്പെട്ട എബിൻബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വി.വി പാറ്റ് വ്യാജ ആരോപണത്തിന്റെ പേരിലുള്ള ആദ്യ അറസ്റ്റാണിത്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി പറയുന്നവർക്കെതിരായ കേസ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.