എറണാകുളം: കളമശ്ശേരിയിൽ 83-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ പോൾ ചെയ്തതതിനെക്കാൾ അധിക വോട്ടുകൾ കണ്ടെത്തി. ആകെ പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടറെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ നിർദ്ദേശം നൽകി.
തകരാറിലായ വോട്ടിംഗ് യന്ത്രം എണ്ണണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. പോളിംഗിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്തിയത്. തുടർന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികൾ സംയുക്തമായി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. സ്ഥലത്തെത്തിയ കളക്ടറുടെ നേതൃത്വത്തിൽ വോട്ടിംഗ് മെഷീൻ പരിശോധിച്ച് ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആകെ 215 വോട്ടർമാരാണ് കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ പോൾ ചെയ്തത്. അവസാനം എണ്ണിയപ്പോൾ 258 വോട്ടുകൾ പോൾ ചെയ്തതായാണ് വോട്ടിംഗ് യന്ത്രത്തിൽ കാണിക്കുന്നത്.
നേരത്തെ അടൂരിലെ ബൂത്തിലും പോൾ ചെയ്ത വോട്ടിൽ വ്യത്യാസം കണ്ടെത്തിയിരുന്നു. അടൂർ പഴകുളം 123 ാം നമ്പർ ബൂത്തിൽ 843 വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടെങ്കിലും യന്ത്രത്തിൽ 820 വോട്ടുകൾ മാത്രമാണുള്ളത്. ഇതാണ് പരാതിക്ക് ഇടയാക്കിയത്. ഇതോടെ രാഷ്ട്രീയ പാർട്ടികൾ റീപോളിംഗ് ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ കോഴിക്കോട് എടക്കാട് വോട്ടിംഗ് യന്ത്രം യുവാവ് എറിഞ്ഞു തകർത്തു. പ്രമോദ് എന്നയാളാണ് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ച് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.