madhupal

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിക്കണമെന്ന് ആവശ്യപ്പെട്ട നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് വ്യാജ പ്രചാരണം. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ മധുപാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായും പിന്നാലെ മരിച്ചെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയായിലൂടെ പ്രചരിക്കുകയായിരുന്നു. മധുപാലിന്റെ ചിത്രത്തോടൊപ്പം ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു പ്രചാരണം.

ഒരു പൊതുപരിപാടിയിലാണ് താരം ഇടതുപക്ഷത്തെ അനുകൂലിച്ച് സംസാരിച്ചത്. നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നായിരുന്നു മധുപാൽ പറഞ്ഞത്. ‘ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ. മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം''- മധുപാൽ പറഞ്ഞു.

എന്നാൽ വാക്കുകളെ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയത്. ഇതിനെതിരെ അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും. മധുപാൽ ഫേസ്ബുക്കിൽ കുറിച്ചു.