മുംബയ്: ഐ.ഐ.ടി മുംബൈയുടെ ഭാഗമായ ഷൈലേഷ് ജെ മേത്ത സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ ട്വീറ്റ് വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന ട്വീറ്റിൽ ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവർ വിഡ്ഢികളാണെന്നും പരാമർശിക്കുന്നു.
കോളമിസ്റ്റ് ഷെഫാലി വൈദ്യയുടെ ട്വീറ്റിന് മറുപടി പറഞ്ഞ് തിങ്കളാഴ്ച പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. "പശ്ചിമ ബംഗാളിനോടുള്ള ബി.ജെ.പിയുടെ സന്ദേശം കൃത്യമാണ്. ഇപ്പോൾ രണ്ടു കാര്യങ്ങൾ ബംഗാളിലെ ആളുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്, അവർക്ക് വെസ്റ്റ് ബംഗ്ലാദേശിനെ പോലെയാകണോ അതോ അവരുടെ സംസ്കാരം നിലനിർത്തണോ?"എന്നായിരുന്നു ഷെഫാലി വൈദ്യയുടെ ചോദ്യം. ഇതിന് മറുപടിയായി ഹിന്ദുയിസവും ഹിന്ദുത്വവും ഒരിക്കലും ഒന്നു തന്നെയല്ലന്നും. മതവിശ്വാസി ആയിരിക്കുന്നതും വിഡ്ഢിയായിരിക്കുന്നതും രണ്ടാണ്. ആളുകൾ ഇവിടെ മതവിശ്വാസികൾ ആയിരിക്കാം. എന്നാൽ, ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ മാത്രം കഴുതകളല്ലെന്നും ഐ.ഐ.ടി മുംബയ് ട്വീറ്റ് ചെയ്തു.
കോളേജിന്റെ ഔദ്യോഗിക ഹാൻഡിലിനോട് വൈദ്യ ഉടൻ തന്നെ പ്രതികരിച്ചു. സ്ഥാപനം ഏതെങ്കിലും രാഷ്ട്രീയ താൽപര്യം എടുക്കുന്നുണ്ടോ എന്നതായിരുന്നു വൈദ്യയുടെ ചോദ്യം. എന്റെ ട്വീറ്റ് ബംഗാളിലെ വോട്ടർമാരെക്കുറിച്ചായിരുന്നു എന്നും എന്നാണ് നിങ്ങളുടെ സ്ഥാപനം വെസ്റ്റ് ബംഗാളിലേക്ക് മാറിയതെന്നും വൈദ്യ ട്വീറ്റിൽ ചോദിച്ചു.
വൈദ്യയുടെ ട്വീറ്റിനെ തുടർന്ന് നിരവധി പേരാണ് ഇവരുടെ ഓൺലൈൻ വിഭാഗത്തിലേക്ക് സന്ദേശങ്ങൾ അയച്ചത്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യേണ്ട അവസ്ഥയിലേക്കും എത്തി. ഐ.ഐ.ടി ബി യുടെ വേരിഫൈഡ് ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പിന്നീട് ട്വീറ്റ് ചെയ്തത്.