തിരുവനന്തപുരം : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുവനന്തപുരം മണ്ഡലത്തിലെ നഗരപ്രദേശത്ത് ആവേശം കൈവിടാതെ വോട്ടർമാരും പോളിംഗ് ബൂത്തിലെത്തി. മണിക്കൂറുകൾ കാത്തു നിന്നാണ് പലരും വോട്ടുരേഖപ്പെടുത്തിയത്. മഴമാറി നിന്നതോടെ സ്ത്രീകളും പ്രായമായവരും കൂട്ടത്തോടെ ബൂത്തുകളിലെത്തി. നഗരത്തിലെ തീരപ്രദേശങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകിട്ട് 6 വരെ 60 ശതമാനമായിരുന്നു പോളിംഗ് ശതമാനം. ഇതിൽ ഇനിയും വർദ്ധനയുണ്ടാകും. ശശി തരൂർ, എ. സമ്പത്ത്, കുമ്മനം രാജശേഖരൻ, സി. ദിവാകരൻ എന്നീ സ്ഥാനാർത്ഥികളുടെ വോട്ട് തിരുവനന്തപുരം നഗരത്തിലായിരുന്നു. എന്നാൽ നഗരത്തിൽ വോട്ടുണ്ടായിരുന്ന വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും വോട്ട് ചെയ്യാനെത്തിയില്ല.
രാവിലെ 7ന് പോളിംഗ് ആരംഭിച്ചതു മുതൽ നഗരത്തിലെ ഭൂരിഭാഗം ബൂത്തുകളിലും നീണ്ട നിരയായിരുന്നു. വൈകിട്ട് 4 മണി വരെയും ഈ സ്ഥിതി തുടർന്നു. ഉച്ചസമയത്ത് അല്പനേരം മാത്രമാണ് തിരക്കിന് കുറവ് ഉണ്ടായിരുന്നത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം എന്നിവിടങ്ങളിലെല്ലാം വോട്ടർമാർ മത്സരിച്ച് വോട്ടുചെയ്യാനെത്തി. ആറു വരെയുള്ള കണക്ക് അനുസരിച്ച് നേമത്താണ് വോട്ടിംഗ് ശതമാനം കൂടുതൽ. പല ബൂത്തുകളിലും സ്ത്രീകളുടെയും യുവജനങ്ങളുടെയും വൻനിരയായിരുന്നു. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് ഒഴിച്ചാൽ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ശാസ്തമംഗലം ആർ.കെ.ഡി.എൻ.എസ്.എസ്, ജഗതി ഗവ. ഹൈസ്കൂൾ, കുന്നുകുഴി ഗവ. യു.പി സ്ക്കൂൾ എന്നിവിടങ്ങളിൽ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു.
പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ വോട്ട് ചെയ്യാനെത്തിയ ആൾ വോട്ടിംഗ് യന്ത്രത്തിൽ തകരാർ ഉന്നയിച്ചെങ്കിലും അത് തെളിയിക്കാൻ കഴിയാതിരുന്നത് അല്പനേരം ആശങ്കയുണ്ടാക്കി. കൂടുതൽ പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് വോട്ടെടുപ്പ് പുരോഗമിച്ചു. തീരപ്രദേശത്തും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. നഗരമേഖലയിലുള്ള പൂന്തുറ, വലിയതുറ, വേളി, വെട്ടുകാട്, ശംഖുംമുഖം എന്നിവിടങ്ങളിലെ ബൂത്തുകളിൽ പോളിംഗ് അവസാനിക്കുന്നത് വരെയും നീണ്ടനിരയായിരുന്നു. ബീമാപള്ളിയിലെ ചില ബൂത്തുകളിൽ 6 മണിക്ക് ശേഷവും വോട്ടെടുപ്പ് തുടർന്നു.
പൂന്തുറ സെന്റ് ഫിലോമിനാസ്, സെന്റ് തോമസ് എച്ച്.എസ്.എസ് തുടങ്ങിയ സ്ഥലങ്ങളിൽ വൻനിരയായിരുന്നു. എല്ലാവരെയും ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഓരോ പാർട്ടിക പ്രവർത്തകനും.