തിരുവനന്തപുരം : പോളിംഗ് കേന്ദ്രം ആർപ്പുവിളിക്കും ജയ്വിളികൾക്കും വഴിമാറുന്ന അപൂർവ രംഗങ്ങൾക്കായിരുന്നു ഇന്നലെ നേമം മണ്ഡലത്തിലെ മുടവൻമുകൾ എൽ.പി സ്കൂൾ സാക്ഷ്യം വഹിച്ചത്. പ്രിയ നടൻ മോഹൻലാലിനെ കണ്ട ആഹ്ലാദത്തിൽ പലരും പരിസരം മറന്നപ്പോൾ പോളിംഗ് ബൂത്തും പരിസരവും ആഘോഷത്തിമിർപ്പിലായി. നാടകീയ രംഗങ്ങളായിരുന്നു ഇന്നലെ രാവിലെ മുടവൻമുകൾ സ്കൂളിലെ പോളിംഗ് കേന്ദ്രത്തിൽ അരങ്ങേറിയത്.
സമയം രാവിലെ 7.45. വെള്ളഷർട്ടും കറുത്തജീൻസുമണിഞ്ഞയാൾ കൈയിൽ വോട്ടേഴ്സ് സ്ലിപ്പും തിരിച്ചറിയൽ കാർഡും പിടിച്ച് മുടവൻമുകൾ ഗവ. എൽ.പി സ്കൂളിന്റെ പടവുകൾ ഇറങ്ങി പോളിംഗ് ബൂത്തിലേക്ക്. ചുറ്റുംനിന്നവർ ആദ്യമൊന്ന് അമ്പരന്നെങ്കിലും കാമറകൾ തുരുതുരാ മിന്നിയതോടെ ആശങ്ക മാറി. ഇത് ലാലേട്ടനല്ലേ ? വരിയിൽ നിന്ന സ്ത്രീകൾ അടക്കം പറഞ്ഞു. അപ്പോഴേക്കും മോഹൻലാലിന്റെ വരവും കാത്ത് പ്രദേശത്ത് നിന്ന ആരാധകരും ചാനൽ കാമറകളും ചുറ്റും കൂടി. പൊലീസെത്തി സുരക്ഷിത വലയമൊരുക്കി ലാലിനെ 31-ാം നമ്പർ ബൂത്തിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ക്യൂവിൽ നിൽക്കാമെന്ന് താരത്തിന്റെ മറുപടി. പിന്നെ ഒരു മണിക്കൂറോളം പഠിച്ച സ്കൂളിന്റെ മുന്നിൽ വോട്ട് ചെയ്യാനായി മലയാളികളുടെ പ്രിയ താരം കാത്തുനിന്നു. 8.45ന് ഊഴമെത്തിയപ്പോൾ വോട്ടുചെയ്തു. പുറത്തിറങ്ങിയപ്പോൾ ആരാധകരുടെ പ്രവാഹം. സെൽഫിയെടുക്കാനുള്ള തിരക്കിലായിരുന്നു പലരും. ഇതിനിടയിൽ മാദ്ധ്യമങ്ങളോട് അല്പനേരം.
പലകാരണങ്ങൾ കൊണ്ട് പലപ്പോഴും വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ ലാൽ പഠിച്ച സ്കൂളിൽ വോട്ട് ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷവും പങ്കുവച്ചു. ആദ്യ വോട്ടാണോയെന്ന ചോദ്യത്തിന് വേണമെങ്കിൽ അങ്ങനെ കരുതിക്കോളൂ എന്നായിരുന്നു ലാലേട്ടന്റെ മറുപടി.
തുടർന്ന് ചുറ്റും കൂടിയവരെ കൈവീശിക്കാണിച്ച് പ്രിയനടൻ കാറിൽകയറി മടങ്ങി.
മോഹൻലാൽ വോട്ട് ചെയ്യാനെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വരവ്.