തിരുവനന്തപുരം : ജനം വിധിയെഴുതി കഴിഞ്ഞതോടെ ഇനി നീണ്ട 30 ദിവസം മുന്നണികൾക്ക് പ്രതീക്ഷയുടെ നാളുകളാണ്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന്റെ ഫലമറിയാൻ അടുത്തമാസം 23ന് രാവിലെ 8 മണി വരെ കാത്തിരിക്കണം. അതുവരെ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ വിവിധ സ്ട്രോംഗ് റൂമുകളിൽ ഭദ്രം. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും കോളേജിനുള്ളിലെ വിവിധ വിഭാഗങ്ങളിലാണ് സൂക്ഷിക്കുന്നത്. ഇക്കുറി വിവി പാറ്റ് യന്ത്രങ്ങൾ കൂടി ഉള്ളതിനാൽ കൂടുതൽ സ്ഥലം ആവശ്യമാണ്. രണ്ട് മണ്ഡലങ്ങളിലായി 2715 ബൂത്തുകളാണുണ്ടായിരുന്നത്. ഓരോയിടത്തും രണ്ട് ബാലറ്റ് യന്ത്രങ്ങളും ഓരോ വിവി പാറ്റും കൺട്രോൾ യൂണിറ്രുമുണ്ട്. ഓരോ നിയോജകമണ്ഡലങ്ങളുടെയും ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയത്.
വോട്ടെടുപ്പ് പൂർത്തിയായതോടെ രാത്രി വൈകിയാണ് എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ മാർ ഇവാനിയോസ് വളപ്പിൽ എത്തിച്ചത്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക കണ്ടെയ്നറിൽ സീൽ ചെയ്താണ് യന്ത്രങ്ങൾ കൊണ്ടുവന്നത്. തുടർന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക രജിസ്റ്റർ തയ്യാറാക്കി. ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിവിടങ്ങളിലെയും തിരുവനന്തപുരം മണ്ഡലത്തിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെയും യന്ത്രങ്ങൾ പ്രത്യേകമാണ് സൂക്ഷിക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ഇലക്ഷൻ കമ്മിഷന്റെയും പൊലീസിന്റെയും കർശന സുരക്ഷാവലയത്തിലാണ്. കോളേജ് പരിസരം. മേൽനോട്ടത്തിനായി രാവിലെയും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇലക്ഷൻ കമ്മിഷൻ ഓരോ എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരെ നിയോഗിക്കും. തഹസിൽദാർ മുതലുള്ള ഉദ്യോഗസ്ഥർക്കായിരിക്കും ചുമതല. രാപ്പകലില്ലാതെ പൊലീസിന്റെയും കേന്ദ്ര സേനയുടെയും കനത്ത കാവലും ഒരുക്കും. ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ അല്ലാതെ മറ്റാരെയും കോളേജ് വളപ്പിൽ പ്രവേശിപ്പിക്കില്ല.
വോട്ടെണ്ണൽ ഇങ്ങനെ
അടുത്തമാസം 23ന് രാവിലെ 8ന് സ്ട്രോംഗ് റൂമുകൾ തുറക്കും. തുടർന്ന് 14 നിയോജകമണ്ഡലങ്ങളുടെയും വോട്ടുകൾ എണ്ണിത്തുടങ്ങും. വർക്കല, ചിറയിൻകീഴ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ സർവോദയ വിദ്യാലയ ആഡിറ്റോറിയത്തിലാണ്. ആറ്റിങ്ങൽ സർവോദയ വിദ്യാലയ ലിറ്റിൽ ഫ്ളവർ ആഡിറ്റോറിയം, നെടുമങ്ങാട്, വാമനപുരം സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ. കഴക്കൂട്ടം സർവോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ആഡിറ്റോറിയം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ വോട്ടുകൾ മാർതിയോഫിലസ് ട്രെയിനിംഗ് കോളേജിലും അരുവിക്കരയിലെ വോട്ടുകൾ ജയ് മാതാ ഐ.ടി.ഐയിലും എണ്ണും. തിരുവനന്തപുരം, കോവളം മണ്ഡലങ്ങൾ മാർ ബസേലിയോസ് കോളേജിലാണ് എണ്ണുന്നത്. പാറശാല, കാട്ടാക്കട മണ്ഡലങ്ങളിലെ വോട്ടുകൾ മാർ ഇവാനിയോസ് കോളേജ് ആഡിറ്റോറിയത്തിലും നെയ്യാറ്റിൻകരയിലെ വോട്ടെണ്ണൽ മാർ ഇവാനിയോസിലെ ബി.വി.എം.സി ഹാളിലും നടക്കും.
പലയിടത്തും വോട്ടിംഗ് മെഷീനുകൾ പണിമുടക്കി
തിരുവനന്തപുരം: വോട്ടിംഗ് മെഷീനിൽ വന്ന സാങ്കേതിക തകരാർ മൂലം നഗരത്തിൽ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. പോളിംഗിന്റെ ആദ്യ മണിക്കൂറുകളിലാണ് പലയിടത്തും മെഷീനുകൾ പണിമുടക്കിയത്. ചാക്കയിലെ ബൂത്ത് നമ്പർ 19ലെ വോട്ടിംഗ് മെഷീനിലുണ്ടായ തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ അല്പനേരം വോട്ടിംഗ് തടസപ്പെട്ടു.
പിന്നീട് മെഷീൻ മാറ്റി സ്ഥാപിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. വലിയതുറ സെന്റ് ആന്റണീസ് സ്കൂൾ ബൂത്ത് നമ്പർ 144ൽ വോട്ടിംഗ് മെഷീനിൽ തകരാറുണ്ടായെങ്കിലും ഉടനേ പരിഹരിച്ചു. മ്യൂസിയം വാട്ടർ അതോറിട്ടി ബൂത്ത് നമ്പർ 159, കാച്ചാണി ബൂത്ത് നമ്പർ 45, കഴക്കൂട്ടം മേനംകുളം സ്കൂൾ ബൂത്ത് നമ്പർ 197, ഇലിപ്പോട് വിദ്യാധിരാജ സ്കൂൾ ബൂത്ത് നമ്പർ 75, പാപ്പനംകോട് ബൂത്ത് നമ്പർ 127, കാലടി ഇളംതെങ്ങ് സ്കൂൾ ബൂത്ത് നമ്പർ 86, കുന്നുകുഴി സ്കൂൾ ബൂത്ത് നമ്പർ 166, വലിയതുറ സെന്റ് മേരീസ് സ്കൂൾ ബൂത്ത് നമ്പർ 11 എന്നിവിടങ്ങളിലെ മെഷീനുകളും ആദ്യ മണിക്കൂറുകളിൽ പണിമുടക്കി. വള്ളക്കടവിൽ പോളിംഗ് ബൂത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് ആരോപിച്ചുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് 7 പേർക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു.