തിരുവനന്തപുരം: ഒരുമാസം നീണ്ട ആവേശ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും ശേഷം നടന്ന ആവേശ പോളിംഗിനെ ഉത്സവമാക്കി തലസ്ഥാനത്തെ പാർട്ടി പ്രവർത്തകർ. പോളിംഗ് ബൂത്തുകേന്ദ്രങ്ങൾ കൊടിതോരണങ്ങളാൽ അലങ്കരിച്ചും ബൂത്ത് ഓഫീസുകൾ തയ്യാറാക്കിയും തുടങ്ങിയ കഴിഞ്ഞ രാത്രിക്ക് പിന്നാലെ 'തങ്ങളുടെ" വോട്ടർമാരെ മത്സരിച്ച് ബൂത്തുകളിൽ എത്തിച്ച പകൽ കൂടിയായതോടെ നഗരം കണ്ട ഏറ്റവും വലിയ ത്രികോണ മത്സരമായി ലോക്സഭാ തിരഞ്ഞെടുപ്പ് മാറി. കഴിഞ്ഞ ദിവസം ബൂത്ത് ഓഫീസ് അലങ്കാരത്തോടെ ആരംഭിച്ച നിദ്രാവിഹീന രാത്രിയെ തുടർന്ന് വെയിൽ ഇല്ലെങ്കിലും 'ചൂടിന് " കുറവില്ലാത്ത അന്തരീക്ഷമായിരുന്നു തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ അവസാന ദിവസത്തെ പകൽ ദിനത്തിലുമുണ്ടായത് .
വോട്ടർപട്ടികയിൽ നിന്നു പാർട്ടി പ്രവർത്തകർ തയ്യാറാക്കിയ തങ്ങളുടെ 'സ്വന്തം" വോട്ടർമാരുടെ ലിസ്റ്റ് കേന്ദ്രീകരിച്ചായിരുന്നു ഓരോ പാർട്ടിക്കാരുടെയും പ്രവർത്തനം. അവസാന ദിവസത്തെ പ്രവർത്തനം എങ്ങനെയാകണമെന്ന് കൃത്യമായി തയ്യാറാക്കിയാണ് പാർട്ടി നേതാക്കൾ തങ്ങളുടെ പ്രവർത്തകരെ ചുമതല ഏല്പിച്ചിരുന്നത്. തങ്ങൾക്ക് അനുകൂലമായി മാറുന്ന വോട്ടുകളുടെ എണ്ണം നേരത്തേ തിട്ടപ്പെടുത്തിയിരുന്നവർ വോട്ടർമാരെ ഉച്ചയ്ക്ക് മുൻപേ അവരെ ബൂത്തുകളിൽ എത്തിക്കുന്നതിനുള്ള ഭഗീരഥ ശ്രമമാണ് നടത്തിയത്. ഇതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് വാഹനസൗകര്യവും ഒരുക്കിയിരുന്നു.
പോളിംഗ് ബൂത്തുകളിലുള്ള ഇൻ ഏജന്റുമാർ ഓരോ മണിക്കൂർ ഇടവിട്ട് വോട്ടുചെയ്തുമടങ്ങിയവരുടെ ലിസ്റ്റ് പുറത്തേക്ക് നൽകുന്ന സംവിധാനമാണ് ഇടതുപക്ഷം നടത്തിയത്. ലിസ്റ്റിൽ ശേഷിക്കുന്ന തങ്ങളുടെ വോട്ടർമാരെ ഉച്ചയ്ക്ക് മുൻപ് തന്നെ ബൂത്തുകളിൽ എത്തിക്കുന്നതിന് ശ്രദ്ധിച്ചായിരുന്നു പ്രവർത്തനം. ഇതിനായി പ്രത്യേകം സ്ക്വാഡും തയ്യാറാക്കിയിരുന്നു. കോൺഗ്രസും ബി.ജെ.പിയും തങ്ങൾക്ക് അനുകൂലമായ വോട്ടുകൾ കൃത്യമായി ചെയ്യിക്കാനായി രാവിലെ മുതൽ ഫീൽഡിൽ സജീവമായിരുന്നു. ഓരോ വീടുകളിലും എത്തി വോട്ടുചെയ്തോ എന്നറിയാനും ഇല്ലെങ്കിൽ മഴയ്ക്ക് മുൻപ് വോട്ടുചെയ്യിക്കാനും ശ്രമം നടത്തി. വിവിധ പാർട്ടി പ്രവർത്തകരുടെ സജീവമായ ഇടപെടലോടെ മണ്ഡലത്തിലെ പോളിംഗ് ശതമാനം വർദ്ധിച്ചുകൊണ്ടിരുന്നു.
പോളിംഗ് കഴിഞ്ഞതോടെ തങ്ങളുടെ ബൂത്തിലെ വോട്ട് നിലവാരം എത്രയാകുമെന്നും തങ്ങൾക്കെങ്ങനെയാകുമെന്നും അറിയാനുള്ള കൂട്ടലിലും കിഴിക്കലിലുമായിരുന്നു ഓരോ ബൂത്തു ചുമതലക്കാരും. ഫലപ്രഖ്യാപനത്തിന് മുൻപേ ഫലമറിയാനുള്ള ആകാംക്ഷയോടെ മണ്ഡലത്തിലെ മൊത്തം വോട്ടു നിലവാരവും തിരഞ്ഞെടുപ്പ് മാനേജർമാരുടെ കണക്കുകൂട്ടലുകളും അറിയാനായി ഇന്നലെ രാത്രി വൈകിയും പ്രവർത്തകർ കാത്തിരിക്കുകയായിരുന്നു.