തിരുവനന്തപുരം: ഇരുപത്തിയൊന്നാം വയസിൽ കന്നി വോട്ട് ചെയ്തതിന്റെ ആവേശത്തിലാണ് ഇരട്ടകളായ ജൂലിയയും ജൂബിയയും. പലവിധ കാരണങ്ങളാൽ നേരത്തേ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകാതെ പോയതിലുള്ള വിഷമവും ഇരുവർക്കും ഇപ്പോൾ മാറി. നെട്ടയം മണലയം സെന്റ് ആന്റണീസ് സ്കൂളിൽ ഇന്നലെ രാവിലെ മാതാപിതാക്കളായ ജ്ഞാനദാസിനും അമ്മ ശാന്തമ്മയ്ക്കും ഒപ്പമെത്തിയാണ് ഇരുവരും കന്നി വോട്ട് രേഖപ്പെടുത്തിയത്.
കൂലിപ്പണിയാണ് ജ്ഞാനദാസിന്. കുടുംബത്തിലെ സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് പ്ളസ് ടു വരെയുള്ള പഠനത്തിന് ശേഷം ജൂലിയയും ജൂബിയയും മാതാപിതാക്കളെ സഹായിക്കുന്നതിനായി ഇറങ്ങുകയായിരുന്നു. പഠനം നിറുത്തേണ്ടെന്നും എങ്ങനെയെങ്കിലും പഠനച്ചെലവ് കണ്ടെത്താമെന്നും ജ്ഞാനദാസ് പറഞ്ഞെങ്കിലും ഇരുവരും വഴങ്ങിയില്ല. തുടർന്ന്, രണ്ടുപേരും നന്തൻകോടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ മൂന്ന് വർഷം മുമ്പ് കാഷ്യർമാരായി ജോലിക്ക് കയറുകയായിരുന്നു.
ജ്ഞാനദാസും ശാന്തമ്മയും കടുത്ത കമ്മ്യൂണിസ്റ്റുകളാണ്. തങ്ങൾക്ക് രാഷ്ട്രീയമുണ്ടെന്നും ആഭിമുഖ്യം ഏത് പാർട്ടിയോടാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ജൂലിയയും ജൂബിയയും പറഞ്ഞു. സ്ത്രീകൾക്ക് രാത്രി നിർഭയമായി ഇറങ്ങി നടക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് ഇരുവരുടെയും ആവശ്യം. വികസനത്തോടൊപ്പം സുരക്ഷയും സമാധാനവും പുലരുന്ന ഒരു കേരളവും ഇരുവരും ആഗ്രഹിക്കുന്നു. കുടുംബത്തിന്റെ കടഭാരം തെല്ല് ഒഴിഞ്ഞതോടെ ഈ വർഷം ബിരുദ പഠനത്തിന് ചേരാൻ ഒരുങ്ങുകയാണ് ഇരുവരും.