വിഴിഞ്ഞം: കോവളം നിയോജക മണ്ഡലത്തിലെ ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു.എന്നാൽ ഗ്രാമീണ മേഖലകളിൽ വോട്ടിംഗിന് വേഗത നന്നെ കുറവായിരുന്നു. വോട്ടെടുപ്പ് ദിവസം തീരദേശമാകെ ഉത്സവ പ്രതീതിയിലായിരുന്നു.
തീരദേശത്തെ പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ മുതൽ തിരക്കുണ്ടായിരുന്നു.
സ്ഥാനാർത്ഥിക്ക് വോട്ട് പിടിക്കുന്നതിനെ ചൊല്ലി ചിലയിടങ്ങളിൽ വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായതൊഴിച്ചാൽ എല്ലായിടത്തും സമാധാനപരമായി വോട്ടിംഗ് നടന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം മഴ പെയ്തതിനാലാകണം ഇന്നലെ എല്ലാവരും വോട്ടിടാൻ നേരത്തേയെത്തിയിരുന്നു. വിവിപാറ്റ് മെഷീൻ ആദ്യമായി ഉപയോഗിച്ചതിനാലാവണം വോട്ടിംഗ് മന്ദഗതിയിലായിരുന്നു. അതേസമയം ക്യൂ നിൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വന്നു. പതിവിന് വിരുദ്ധമായി ഇത്തവണ സ്ത്രീ വോട്ടർമാരാണ് രാവിലെ മുതൽ ക്യൂവിൽ കാണാൻ കഴിഞ്ഞത്. ചൊവ്വരയിലെ 151-ാം നമ്പർ ബൂത്തിൽ രാവിലെ 7.30 ന് ഒരു വോട്ടർ വോട്ടിംഗ് യന്ത്രത്തിനെതിരെ ആക്ഷേപമുന്നയിച്ചിരുന്നു. തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. ഒടുവിൽ വേറെ യന്ത്രം എത്തിച്ചാണ് വോട്ടിംഗ് തുടങ്ങിയത്. പല ബൂത്തുകളിലും വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയിരുന്നു.
പകരം മെഷീനുകൾ സജ്ജീകരിക്കുന്നതുവരെ വോട്ടിംഗ് തടസപ്പെട്ടിരുന്നു. കനത്ത വേനൽ ചൂട് കണക്കിലെടുത്ത് പല ബൂത്തുകളിലും കുടിവെള്ളം സജ്ജീകരിച്ചിരുന്നത് വോട്ടർമാർക്ക് ആശ്വാസമായി. തീരദേശത്തെ ചില ബൂത്തുകളിൽ വേണ്ടത്ര വെളിച്ചം ഇല്ലാതിരുന്നത് വൃദ്ധർക്ക് ബുദ്ധിമുട്ടുണ്ടാക്കി. റാമ്പ് സൗകര്യം ഒരുക്കാത്തത് ഭിന്നശേഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയും ഉയർന്നു.
പ്രായമേറിയവരെ വാഹനങ്ങളിൽ ബൂത്തിലെത്തിച്ച് പ്രവർത്തകർ വോട്ട് ചെയ്യിച്ചു. മുക്കോലയിൽ വോട്ടർക്ക് പണം നൽകി സ്വാധീനിക്കുന്നുവെന്ന പേരിൽ ചെറിയ തർക്കമുണ്ടായി. വോട്ടേഴ്സ് സ്ലിപ് വാങ്ങുന്നതിന് എത്തിയ വോട്ടർ കൊണ്ടുവന്ന പണമാണെന്നും 30 രൂപ മാത്രമേ കൈയിൽ ഉള്ളൂവെന്നും ബോദ്ധ്യപ്പെട്ടതോടെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. വെങ്ങാനൂർ പഞ്ചായത്തിലെ തൊഴിച്ചൽവാർഡിൽ 15-ാം നമ്പർ ബൂത്തിൽ രണ്ടു തവണ മെഷീൻ കേടായത് ഒരു മണിക്കൂറോളം വോട്ടിംഗ് തടസപ്പെടുത്തി. തീരദേശത്തെ വോട്ടിംഗ് 7 മണി വരെ നീണ്ടു.