ദുൽഖർ സൽമാൻ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു. പുതിയ പ്രതിഭകൾക്ക് അവസരം നൽകുകയെന്നതാണ് ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. മികച്ച കഥകളുമായി വരുന്ന നവാഗത സംവിധായകർക്കും രചയിതാക്കൾക്കും കമ്പനി അവസരം നൽകും. മികച്ച കഥകൾ കണ്ടെത്താനായി ദുൽഖർ ഒരു ടീമിനെത്തന്നെ നിയോഗിച്ചിട്ടുണ്ട്.
ദുൽഖർ നിർമ്മാണ രംഗത്തേക്ക് കടക്കുന്ന ആദ്യ ചിത്രം അടുത്ത മാസം തുടങ്ങാനാണ് നീക്കം. നിർമ്മാണ കമ്പനിയുടെ പേരിന്റെയും പുതിയ പ്രോജക്ടിന്റെയും ഓഫിഷ്യൽ അനൗൺസ്മെന്റ് ഉടനുണ്ടാകുമെന്ന് ദുൽഖറിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം ഒന്നര വർഷത്തിന് ശേഷം ദുൽഖർ അഭിനയിച്ച മലയാള ചിത്രമായ ഒരു യമണ്ടൻ പ്രേമകഥ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോജോസഫ് നിർമ്മിച്ച് നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥയിൽ പെയിന്റിംഗ് ജോലിക്കാരനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ്. ചിത്രത്തിൽ സംയുക്താമേനോനും നിഖിലാ വിമലുമാണ് നായികമാർ. സലിംകുമാർ, സൗബിൻ ഷാഹിർ, ധർമ്മജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബൈജു സന്തോഷ് തുടങ്ങിയവരും താരനിരയിലുണ്ട്.
ഹിന്ദിയിൽ സോനം കപൂറിനോടൊപ്പമഭിനയിക്കുന്ന സോയാ ഫാക്ടർ തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ, വാൻ എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റേതായി റിലീസാകാനുള്ളത്.
മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും താരം കമ്മിറ്റ് ചെയ്തിട്ടില്ല.