mohanlal

തിരുവനന്തപുരം: നീണ്ട 19 വ‌ർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയത്. ഒട്ടുംനിനച്ചിരിക്കാതെ കൺമുന്നിൽ തങ്ങളുടെ ഇഷ്‌ടതാരത്തെ കണ്ട നാട്ടുകാർ ഉജ്ജ്വല സ്വീകരണമാണ് ലാലിന് നൽകിയത്. രാവിലെ 7.40ഓടെയാണ് സുഹൃത്ത് സനൽകുമാറിനൊപ്പം പൂ‌ജപ്പുര മുടവൻമുകളിലെ എൽ.പി സ്‌കൂളിൽ മോഹൻലാൽ എത്തിയത്. സൂപ്പർതാരത്തെ കണ്ടതും നാട്ടുകാരെല്ലാം 'ലാലേട്ടാ' വിളികളോടെ ഉഷാറായി. വളരെ പണിപ്പെട്ടാണ് പൊലീസ് താരത്തെ ബൂത്തിലേക്ക് എത്തിച്ചത്.

തുടർന്ന് ആദ്യം വോട്ട് രേഖപ്പെടുത്താൻ പൊലീസുകാർ തന്നെ ലാലിനെ മുന്നിലേക്ക് എത്തിച്ചെങ്കിലും വരിയിൽ നിന്ന ഒരാൾ 'ആരായാലും ക്യൂവിൽ നിൽക്കണമെന്ന്' പറഞ്ഞതോടെ സ്വമേധേയാ ലാൽ തന്നെ വരിയിൽ ചെന്ന് നിൽക്കുകയായിരുന്നു. വളരെ പതുക്കെയാണ് ഈ നിര മുന്നോട്ടു നീങ്ങിയത്. സമയം നീണ്ടതോടെ ക്യൂവിൽ നിന്ന് മാറി നേരെ വോട്ട് ചെയ്യാൻ പൊലീസ് പലതവണ താരത്തോട് ആവശ്യപ്പെട്ടെങ്കിലും മോഹൻലാൽ വഴങ്ങിയില്ല. ഒടുവിൽ ഒന്നരമണിക്കൂറിലധികം ക്യൂ നിന്ന ശേഷമാണ് സൂപ്പർതാരം മടങ്ങിയത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള ആരാധകർ ലാലിനെ കാണാൻ സ്‌കൂളിനകത്തേക്ക് വന്നത് തെല്ലൊന്നുമല്ല പൊലീസുകാരെ ബുദ്ധിമുട്ടിലാക്കിയത്. എന്നിരുന്നാലും വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പൊലീസ് കാര്യങ്ങൾ നിയന്ത്രിച്ചു.