തൃശൂർ: മുണ്ടൂരിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ടിപ്പറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. മുണ്ടൂർ ഉരുളിപാലയിൽ പാവറട്ടിക്കാരൻ വീട്ടിൽ ശ്യാം(24), മുണ്ടത്തിക്കോട് സ്വദേശി ക്രിസ്‌റ്റോ (25) എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെ പാറപ്പുറത്താണ് സംഭവം. കഞ്ചാവ് മാഫിയകൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. മൃതദേഹങ്ങൾ ഉടൻ തന്നെ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെന്ന് സംശയിക്കുന്ന സിജോയെന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
ടിപ്പറിടിച്ച് വീഴ്ത്തിയശേഷം ടിപ്പറിലുണ്ടായിരുന്ന സംഘം ആയുധങ്ങളുമായി ഇറങ്ങി റോഡിൽ വീണ് കിടക്കുകയായിരുന്ന ഇരുവരെയും തുരുതുരാ വെട്ടിയശേഷം ലോറിയിൽ കയറി രക്ഷപ്പെടുകയായിരുന്നു. വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തിയപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. കൃത്യത്തിനുപയോഗിച്ച ടിപ്പർ കണ്ടെത്താനായില്ല. വാഹനം കണ്ടെത്താനും കൊലയാളികളെ പിടികൂടാനുമായി നഗരത്തിലാകമാനം പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. മരിച്ച രണ്ടുപേരുടെയും പേരിൽ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. കൊലപാതകം നടന്ന മേഖലയിൽ കഞ്ചാവ്,ലഹരി മാഫിയയുടെ വിളയാട്ടം വ്യാപകമാണെന്ന് പരാതി ഉണ്ട്. പലപ്പോഴും സംഘട്ടനങ്ങളും പതിവാണ്.
നിരവധി യുവാക്കളെ കണ്ണികളാക്കി വ്യാപകമായ രീതിയിലുള്ള കഞ്ചാവ്, മയക്കു മരുന്ന് കച്ചവടമാണ് ഈ മേഖലയിൽ നടക്കുന്നത്. കഞ്ചാവ് കച്ചവടത്തെച്ചൊല്ലി ഗുണ്ടാ സംഘങ്ങൾ തമ്മിൽ പല തവണ സംഘർഷമുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായുണ്ടായ കൊലപാതകമാണെന്നാണ് കരുതുന്നത്. ഡിവൈ.എസ്.പി മണികണ്ഠൻ, സി.ഐ.അശോകൻ,എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.