തിരുവനന്തപുരം: മുപ്പത് വർഷത്തിനിടെ സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ കേരളത്തിലെ ബി.ജെ.പി നേതൃത്വം. ശക്തമായ പോരാട്ടം നടന്ന തിരുവനന്തപുരം, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ അടക്കം അഞ്ച് സീറ്റുകളിൽ ബി.ജെ.പി ജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലയിൽ വോട്ട് ശതമാനം കൂടിയത് ബി.ജെ.പിയുടെ ജയസാധ്യതയെ ബാധിക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ശബരിമല വിഷയം അനുകൂലമാകുമെന്നും സ്ത്രീകൾ വൻ തോതിൽ പോളിംഗ് ബൂത്തിലേക്ക് എത്തിയത് വൻ നേട്ടമാകുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.
തീരപ്രദേശങ്ങളിലും മലബാർ മേഖലയിലും വോട്ടിംഗ് ശതമാനം കൂടിയത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമല്ലെന്നും വോട്ടിംഗ് ശതമാനം കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. വോട്ടിംഗ് ശതമാനം കൂടിയത് ശബരിമല വിഷയത്തിലെ പ്രതിഷേധവും പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തുമാണെന്നും ബി.ജെ.പി കേന്ദ്രങ്ങൾ കരുതുന്നു. നല്ല വാർത്തകൾക്കായി കാത്തിരിക്കാമെന്ന് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പ്രതികരിച്ചു.