suresh-gopi

തൃശൂർ: ഹെലികോപ്‌ടറിൽ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പദ്ധതി പാളി. രാവിലെ തൃശൂരിലെ പോളിംഗ് വിലയിരുത്തിയ ശേഷം വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. ശാസ്‌തമംഗലം രാജാ കേശവദാസ് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.

വൈകുന്നേരത്തിനു മുമ്പായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കെത്തും വിധം വിമാനസർവീസ് ഇല്ലാത്തതിനാൽ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്‌ടറിൽ എത്താനായിരുന്നു സുരേഷിന്റെ പദ്ധതി. എന്നാൽ, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്‌ടർ ഉപയോഗിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതോടെ ആ പദ്ധതിയും പാളുകയായിരുന്നു.

പിന്നീട് കല്യാൺ ഗ്രൂപ്പിന്റെ ഹെലികോപ്‌ടർ ഉപയോഗിക്കാൻ തീരുമാനിച്ചെങ്കിലും ഹെലികോപ്‌ടർ എത്തിയപ്പോൾ വൈകിട്ട് അഞ്ച് മണി കഴിഞ്ഞിരുന്നു. തുടർന്ന് പോളിംഗ് സമയം കഴിയും എന്നതിനാൽ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.