പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞ ഉടൻ യു.ഡി.എഫിൽ പൊട്ടിത്തെറി തുടങ്ങി. തനിക്കെതിരെ തിരഞ്ഞെടുപ്പിൽ ഗൂഢാലോചന നടന്നെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി. പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠൻ പ്രതികരിച്ചു. ഇതിന്റെ വിശദാശങ്ങൾ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പുറത്തുവരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പിരിച്ചെടുത്തു നൽകിയ ഫണ്ടുപോലും കെ.പി.സി.സിയിൽ നിന്ന് തന്നില്ലെന്നാണ് ആരോപണം.
പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി വളരെ പിറകിലാണെന്ന് പ്രചാരണമുണ്ടായിരുന്നു. ചില പത്രങ്ങളിൽ ഇതിന് സമാനമായി സർവേ റിപ്പോർട്ടുകളും വന്നു. എന്നാൽ ഈ സമയത്ത് തന്റെ പ്രചാരണം നന്നായി നടക്കുകയായിരുന്നു. എന്നാൽ, ആരാണ് തനിക്കെതിരായ ഗൂഢാലോചന നടത്തിയതെന്നും ശ്രീകണ്ഠൻ വെളിപ്പെടുത്തിയില്ല. അതേസമയം, സംഭവം വിവാദമായതോടെ കെ.പി.സി.സി തങ്ങൾക്ക് ഫണ്ട് തന്നില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീകണ്ഠൻ പിന്നീട് തിരുത്തി. ജില്ലയിൽ നിന്ന് പിരിച്ചുനൽകിയാലല്ലേ കെ.പി.സി.സിയിലേക്ക് ഫണ്ട് വരൂ. അതിന്റെ വിഹിതമാണ് തങ്ങൾക്ക് തരിക. പദയാത്രയുടെ പേരിൽ ജില്ലയിൽ നിന്ന് ഫണ്ട് പിരിച്ചതിനാൽ കെ.പിസി.സി ക്ക് ഫണ്ട് പിരിച്ചുനൽകിയില്ല. പിന്നെയെങ്ങിനെ കെ.പി.സി.സി തങ്ങൾക്ക് ഫണ്ട് തരാൻ കഴിയും എന്ന് ശ്രീകണ്ഠൻ പിന്നീട് വിശദീകരിച്ചു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും പാലക്കാട്ട് യു.ഡി.എഫിൽ വിവാദമുയർന്നിരുന്നു. അന്ന് യു.ഡി.എഫിലായിരുന്ന ജനതാദൾ നേതാവ് എം.പി വീരേന്ദ്രകുമാറിന്റെ കനത്ത പരാജയമാണ് വിവാദത്തിന് തീ കൊളുത്തിയത്. ഒരു ലക്ഷം വോട്ടിന് വീരൻ തോറ്രത് യു.ഡി.എഫിൽ കോൺഗ്രസിന്റെ അകത്തു നിന്നുണ്ടായ കുതികാൽ വെട്ടായിരുന്നെന്നാണ് ആരോപണം. ഇത് അന്വേഷിക്കാൻ കമ്മിഷനെ വച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിന്നീട് വീരേന്ദ്രകുമാറിന്റെ പാർട്ടി യു.ഡി.എഫ് വിടുകയും ചെയ്തു. കോൺഗ്രസിലെ വിവാദം ഇപ്പോൾ കെട്ടടങ്ങിയാലും തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വീണ്ടും കത്തിപ്പടരാനാണ് സാദ്ധ്യത.