ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമ്‌ത ബാനർജിയും തമ്മിലുള്ള രാഷ്‌ട്രീയ വൈരം പ്രസിദ്ധമാണ്. എന്നാൽ ആ വൈരം തങ്ങളുടെ സൗഹൃദത്തെ അൽപം പോലും ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷത്തിൽ മൂന്നും നാലും തവണ മമ്‌ത തനിക്ക് കുർത്തയും പലഹാരങ്ങളുമൊക്കെ അയച്ചു തരാറുണ്ടെന്ന് മോദി പറഞ്ഞു. ബോളിവുഡ് സൂപ്പർതാരം അക്ഷയ്‌കുമാറിനൊപ്പമുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങൾക്ക് ആശ്‌ചര്യം തോന്നിയേക്കാം. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ ഇത് പറയാനും പാടില്ല. പക്ഷേ മമ്‌ത ദീദി എല്ലാ വർഷവും എനിക്ക് കുർത്തയും പലഹാരങ്ങളും അയക്കാറുണ്ട്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്‌ഖ് ഹസീന എല്ലാവർഷവും പുതിയതരം മധുരപലഹാരങ്ങൾ എനിക്ക് അയച്ചു നൽകും. ഒരിക്കൽ ഇത് മമ്‌ത ദീദി കാണുകയുണ്ടായി. അതിനു ശേഷം വർഷത്തിൽ ഒരിക്കൽ അവർ എനിക്ക് മധുരപലഹാരങ്ങൾ അയക്കാറുണ്ട്.
കഴിഞ്ഞദിവസം ബംഗാളിൽ മമ‌്‌തയ്‌ക്കെതിരെ രൂക്ഷവിമർശം ഉന്നയിച്ചതിന് പിന്നാലെയാണ് മോദിയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്. 'നമ്മുടെ ദീദി, ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയാണ്. പ്രധാനമന്ത്രി പദമാണ് അതിന് പിന്നിലെ ലക്ഷ്യം. ഒരുപക്ഷേ പ്രധാനമന്ത്രി പദമെന്നത് ലേലത്തിൽ സ്വന്തമാക്കാൻ കഴിയുന്ന ഒന്നായിരുന്നെങ്കിൽ ദീദിയും കോൺഗ്രസുമെല്ലാം അതിനായി എന്തു അഴിമതിയും നടത്തിയേനെ' -ബംഗാളിലെ ആൻസോയിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം.
പ്രതിപക്ഷ നേതാക്കന്മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അക്ഷയ്‌കുമാറിന്റെ ചോദ്യത്തിനു മികച്ച ബന്ധമാണു പങ്കുവയ്ക്കപ്പെടുന്നതെന്നും മോദി കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ഒരിക്കൽ പാർലമെന്റിൽ വച്ച് ദീർഘനേരം സംസാരിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. അന്ന് അത്ഭുതസ്‌തബ്‌ധരായ പലരും ഈ സഹവർത്തിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. ആസാദ് അതിനു നല്ലൊരു മറുപടി നൽകുകയും ചെയ്തു. 'നിങ്ങൾ മനസ്സിലാക്കുന്നത് ശരിയല്ല, ഞങ്ങൾ ഒരു കുടുംബം പോലെയാണ്' – മോദി പറഞ്ഞു.
തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അതിനോടെല്ലാം ഇപ്പോൾ പൂർണമായി വിട്ടുനിൽക്കുകയാണെന്നും അതിൽ സമയം കളയേണ്ടതില്ലെന്നുമായിരുന്നു മറുപടി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ചായിരുന്നു അഭിമുഖം.