modi-trump

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി നിറുത്തിവയ്‌ക്കാൻ കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇറാന്റെ ക്രൂഡോയിൽ വാങ്ങുന്നത് മേയ് രണ്ടിനകം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഉപരോധം ഏർപ്പെടുത്തുമെന്നും ഇന്ത്യയടക്കം എട്ട് രാജ്യങ്ങൾക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്ര് ഒപെക് രാഷ്‌ട്രങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിച്ച്, പ്രതിസന്ധി ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചാൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക വാഗ്ദാനം നൽകി. ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്. പുൽവാമ ആക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളിൽ ഇന്ത്യയുടെ നിരന്തര ആവശ്യങ്ങളിൽ ഒന്നായ ജെയ്ഷ്-ഇ-മുഹമ്മദ്‌ ഭീകരൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഉൾപ്പെടെ ഇടപെടാമെന്നാണ് വൈറ്റ് ഹൗസ് വാഗ്ദാനം നൽകിയതായി പറയുന്നു.

ഇറാനും അമേരിക്കയും തമ്മിലെ ബന്ധം വീണ്ടും വഷളായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇറാനുമേൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയിരുന്ന ഉപരോധം 2015ൽ പിൻവലിച്ചിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തിയ ഡൊണാൾഡ് ട്രംപ് കഴിഞ്ഞവർഷം ഏകപക്ഷീയമായി ഇറാനുമേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. ഇതോടെ, ആഗോള വിപണിയിലേക്ക് ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ വിതരണം നിലച്ചു. എന്നാൽ, ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ, ചൈന, ജപ്പാൻ, ഇറ്റലി, ഗ്രീസ്, ടർക്കി, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ഇളവ് അമേരിക്ക പിന്നീട് അനുവദിച്ച ഇളവാണ് ഇപ്പോൾ എടുത്തു കളഞ്ഞത്.

അതേസമയം, മേയ് രണ്ടിന് ശേഷവും ഇറാനിൽ നിന്ന് ക്രൂഡോയിൽ വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയെ സമീപിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയാണ് ഒന്നാമത്. ഇറാനുമേൽ അമേരിക്കൻ ഉപരോധം നടപ്പായ കഴിഞ്ഞ നവംബർ മുതൽ, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പ്രതിമാസം 1.25 മില്യൺ ടണ്ണായി ഇന്ത്യ കുറച്ചിരുന്നു. എന്നിട്ടും കഴിഞ്ഞവർഷം ഇറാനിൽ നിന്ന് ഇന്ത്യ ആകെ വാങ്ങിയത് 24 മില്യൺ ടൺ ക്രൂഡോയിലാണ്. 2017-18ൽ ഇറാനിൽ നിന്നുള്ള ഇറക്കുമതി 22.6 മില്യൺ ടൺ ആയിരുന്നു.

ഇന്ത്യ ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാൻ. ഇറാക്ക്, സൗദി അറേബ്യ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യ വാങ്ങുന്ന മൊത്തം ക്രൂഡോയിന്റെ 10 ശതമാനമാണ് ഇറാനിൽ നിന്നെത്തുന്നത്. മറ്ര് രാജ്യങ്ങളെ അപേക്ഷിച്ച്, കുറഞ്ഞ വിലയ്‌ക്കാണ് ഇറാൻ ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകിയിരുന്നത്. ഉപഭോഗത്തിന്റെ 80 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡോയിൽ വില ബാരലിന് 65-70 ഡോളർ വരെയായി നിലനിൽക്കുന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസം. വില 70 ഡോളറിനുമേൽ ഉയർന്നാൽ ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ നിയന്ത്രണാതീതമായി ഉയരും.

ഇറാനിൽ നിന്നുള്ള ഇറക്കുമതി നിലയ്ക്കുമെങ്കിലും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്ര്, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി കൂട്ടിയാകും പ്രതിസന്ധി മറികടക്കുക. ഇറാന്റെ എണ്ണ വാങ്ങുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ അമേരിക്ക വിലക്കിയതോടെ ക്രൂഡോയിൽ വില കുതിച്ചുയരുകയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.30 ഡോളർ വർദ്ധിച്ച് 74.34 ഡോളറായി. 0.73 ശതമാനം വർദ്ധനയുമായി 66.28 ഡോളറാണ് യു.എസ് ക്രൂഡ് വില.