തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ക്രുദ്ധനായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ മാറി നിൽക്കങ്ങോട്ട് എന്ന് മാദ്ധ്യമങ്ങളെ നോക്കി പറഞ്ഞ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്.
തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാദ്ധ്യമങ്ങളോടും മാദ്ധ്യമപ്രവർത്തകരോടും നല്ല സഹിഷ്‌ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിർന്ന മാദ്ധ്യമപ്രവർത്തകരിലും അമ്പരപ്പുളവാക്കുകയാണുണ്ടായത്. നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചർച്ചയിൽ നിന്ന് മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു.
റെക്കോഡ് പോളിംഗാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവുമൊടുവിലായി വിവരം കിട്ടുമ്പോൾ 77.68 ശതമാനമാണ് കേരളത്തിലെ പോളിംഗ്. ട്രന്റ് തങ്ങൾക്കനുകൂലമാണെന്ന് മൂന്ന് മുന്നണികളും ഒരേ സ്വരത്തിൽ പറയുമ്പോഴും കൃത്യമായ ചിത്രം ലഭിക്കണമെങ്കിൽ മെയ് 23വരെ കാത്തിരിക്കുക തന്നെ വേണം.