ldf

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്നും ഇത്തവണ പത്ത് മുതൽ പതിനാല് വരെ സീറ്റുകളിൽ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയിലെ പ്രാഥമിക വിലയിരുത്തൽ. ആറ് മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച മുന്നണി എട്ട് മണ്ഡലങ്ങളിൽ ശക്തമായ വിജയ പ്രതീക്ഷ വച്ച് പുലർത്തുന്നു. എന്നാൽ ബൂത്ത് തലങ്ങളിൽ നിന്നടക്കം വിവര ശേഖരണം നടത്തിയ ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിയ ശേഷമായിരിക്കും അന്തിമ വിലയിരുത്തലിലെത്തുക. ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് ഇടത് മുന്നണി വൃത്തങ്ങൾ വിശദീകരിക്കുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ഇടത് നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ മാറി നിൽക്കാൻ പറഞ്ഞത് കല്ലുകടിയായി.

കേന്ദ്രസർക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായെങ്കിലും സംസ്ഥാന സർക്കാരിനെതിരെ വലിയ തോതിൽ എതിർപ്പുണ്ടായില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. ഒപ്പം എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംവിധാനങ്ങൾ പ്രവർത്തിച്ചതും, പ്രചാരണത്തിലോ സ്ഥാനാർത്ഥി നിർണയത്തിലോ അസ്വാരസ്യങ്ങൾ ഉണ്ടാകാത്തതും പഴുതടച്ച പ്രചാരണവും ഓരോ വോട്ടുകളും ചെയ്യിക്കുന്നതിലെ ജാഗ്രതയും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടത് മുന്നണിയിലെ കണക്കുകൂട്ടൽ.കോൺഗ്രസിലെ സംഘടനാ ദൗർബല്യവും ബി.ജെ.പി ശബരിമല വിഷയത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതും തങ്ങൾക്ക് അനുകൂലമാകും. ന്യൂനപക്ഷ വോട്ടുകളിലെ വർദ്ധനവ് ഇടത് മുന്നണിക്ക് അനുകൂലമാകുമെന്നും നേതാക്കൾ കരുതുന്നു.

ആലപ്പുഴ, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസർകോട് എന്നീ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും ശക്തമായ മത്സരം നടന്നെങ്കിലും ആറ്റിങ്ങൽ, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളിൽ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സി.ദിവാകരൻ ഒന്നാമതെത്തും. കോൺഗ്രസിനുള്ളിലുള്ള മൃദുഹിന്ദുത്വം ശശി തരൂരിനുള്ള ന്യൂനപക്ഷങ്ങളുടെ വോട്ട് കുറച്ചുവെന്നും തീരദേശങ്ങളിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ഇടത് പാർട്ടികൾക്ക് പിന്തുണയുണ്ടെന്നും മുന്നണി കണക്കാക്കുന്നു. കൊല്ലം, മാവേലിക്കര, കോഴിക്കോട് എന്നിവിടങ്ങളിൽ വിജയം പ്രതീക്ഷിക്കാമെന്നും മുന്നണി കരുതുന്നു. എന്നാൽ ബൂത്ത് തലങ്ങളിൽ നിന്നുള്ള കൃത്യമായ കണക്കുകൾ കിട്ടിയ ശേഷം വരും ദിവസങ്ങളിൽ തന്നെ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നേതൃയോഗങ്ങൾ ചേരും. ഇതിന് ശേഷമായിരിക്കും അന്തിമ കണക്കുകൾ പുറത്തുവരിക.