2019-election

തിരുവനന്തപുരം: റെക്കോർഡ് പോളിംഗ് നടന്ന കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മുൻതൂക്കം നേടുമെന്ന് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി)യുടെ റിപ്പോർട്ട്. എൽ.ഡി.എഫിന് നാല് സീറ്റുകൾ ലഭിക്കുന്ന റിപ്പോർട്ടിൽ പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്നും പറയുന്നു. എന്നാൽ സംസ്ഥാന പൊലീസിന്റെ നിയന്ത്രത്തിലുള്ള ഇന്റലിജൻസ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തിൽ 14 സീറ്റുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കും. യു.ഡി.എഫിന് 4 സീറ്റുകൾ ലഭിക്കും. എന്നാൽ ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് പോലും എത്താനിടയില്ലെന്നും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രവചനാതീതമാണെന്നും റിപ്പോർട്ടിൽ തുടരുന്നു. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

വയനാട്, മലപ്പുറം, പൊന്നാനി, കോട്ടയം എന്നീ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ശക്തമായ മത്സരം കാഴ്‌ച വച്ചെങ്കിലും എറണാകുളത്ത് അവസാന നിമിഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.രാജീവ് വിജയിക്കും. മാവേലിക്കരയിൽ തുടക്കത്തിലുണ്ടായിരുന്ന മുന്നേറ്റം അവസാനം വരെയും ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് നിലനിറുത്താനായി. ശക്തമായ മത്സരം നടന്ന വടകരയിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന് മറിക്കുമെങ്കിലും ഇടത് സ്ഥാനാർത്ഥി പി.ജയരാജൻ വിജയിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോഴിക്കോട് യു.ഡി.എഫിന് മുൻതൂക്കം നൽകിയെങ്കിലും ഒളിക്യാമറാ വിവാദം തിരിച്ചടിയായി. ഇത് എൽ.ഡി.എഫിന് ഗുണം ചെയ്യും. തൃശൂരിൽ സുരേഷ് ഗോപി പിടിക്കുന്നതിലേറെയും യു.ഡി.എഫ് വോട്ടായതിനാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയസാധ്യതയുണ്ട്. എം.പിയായിരിക്കെ താൻ ചെയ്‌ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയ ഇന്നസെന്റ് വിജയിക്കും. കൊല്ലത്ത് അതിശക്തമായ വെല്ലുവിളിയുണ്ടെങ്കിലും അവസാന നിമിഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കും. ആറ്റിങ്ങൽ, ആലപ്പുഴ, ആലത്തൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിൽ തുടക്കം മുതൽ എൽ.ഡി.എഫിന് മുൻതൂക്കമുണ്ടാകുമെന്നും റിപ്പോർട്ടിൽ തുടരുന്നു. എന്നാൽ ശക്തമായ അടിയൊഴുക്കുണ്ടായാൽ ഫലത്തിൽ കാര്യമായ മാറ്റങ്ങൾ വരാമെന്ന സൂചനയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

2019-election

അതേസമയം, ഇന്റലിജൻസ് റിപ്പോർട്ട് തള്ളുന്ന രീതിയിലാണ് ഐ.ബിയുടെ കണ്ടെത്തൽ. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ അട്ടിമറി വിജയം നടത്തി ബി.ജെ.പി ലോക്‌സഭയിലേക്കുള്ള അക്കൗണ്ട് തുറക്കുമെന്നാണ് ഐ.ബിയുടെ കണ്ടെത്തൽ. ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, കാസർകോട് എന്നിവയാണ് എൽ.ഡി.എഫിന് ലഭിക്കുന്നത്. മറ്റ് 14 മണ്ഡലങ്ങളും യു.ഡി.എഫിന് ലഭിക്കുമെങ്കിലും കേരളത്തിലെ ഉയർന്ന ഭൂരിപക്ഷം രാഹുൽ ഗാന്ധിക്ക് ലഭിച്ചേക്കില്ല. എന്നാൽ അവസാന നിമിഷം വരെ ട്രെൻഡുകൾ മാറിമറിഞ്ഞതിനാൽ ഇക്കാര്യത്തിൽ മാറ്റം വരാമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. അതേസമയം, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഭരണകക്ഷികൾക്ക് അനുകൂലമായി തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ടിലെ സൂചനകൾ സത്യമാണോയെന്ന് അറിയാൻ അടുത്ത മാസം 23 വരെ കാത്തിരിക്കണം. സ്ത്രീ വോട്ടർമാരുടെയും വോട്ടിംഗ് ശതമാനത്തിലെയും വർദ്ധനവ് കൃത്യമായ ട്രെൻഡാണെന്ന് എല്ലാവരും ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും ഇത് ഏത് രീതിയിലാണെന്ന് കൃത്യമായി പ്രവചിക്കാൻ രാഷ്ട്രീയ നിരീക്ഷകർക്കും കഴിയുന്നില്ല.