bjp
ബി.ജെ.പി അദ്ധ്യക്ഷൻ ബി.എസ്.ശ്രീധരൻപിള്ള

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ താൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞെന്നുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ പരാ‌മർശം തെറ്റാണ്. താൻ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാൻ മീണ തയ്യാറാകണം. തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് മീണ പ്രവർത്തിച്ചത്. ഒരു പൊതുപ്രവർത്തകനോടും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരത്തിൽ പെരുമാറാൻ പാടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പോടെ കേരളത്തിൽ മുന്നണി സംവിധാനത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടു. വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തന്റെ എതിരാളി ആരാണെന്ന് പോലും വ്യക്തമാക്കാൻ കഴിയുന്നില്ല. ഇതോടെ കേരളത്തിലെ മുന്നണികളുടെ പ്രസക്തി നഷ‌്ടമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ പൊതുജനമദ്ധ്യത്തിൽ അവഹേളിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റിനിറുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒരു പൊതുപ്രവർത്തകനോട് പെരുമാറാൻ പാടില്ലാത്ത വിധത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നോട് പെരുമാറിയത്. നിക്ഷ്പക്ഷമായി പെരുമാറേണ്ട റഫറി തന്നെ ഒരു വശത്തേക്ക് ഗോളടിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.