k-sudhakaran

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം മണ്ഡലത്തിൽ പോലും കള്ളവോട്ട് തടയാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയനോട് 'ചൗക്കിദാർ ചോർ ഹെ' എന്ന് പറയേണ്ടി വരുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ടെന്നും,​ മുഖ്യമന്ത്രിയുടെ ബൂത്തിൽ അടക്കം കള്ളവോട്ട് നടന്നുവെന്ന് സുധാകരൻ ആരോപിക്കുന്നു.

ജില്ലയിൽ വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. എന്നാൽ, അതുകൊണ്ടൊന്നും തങ്ങളുടെ വോട്ടർമാരെ ഭയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം ബൂത്തിൽ വരെ ജനാധിപത്യം സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആരാണ് 'ചോർ'. അദ്ദേഹത്തോട് ചൗക്കിദാർ ചോർ ഹെ എന്ന് പറയേണ്ടേ? എന്നും സുധാകരൻ ചോദിച്ചു.

"പലയിടത്തും കോൺഗ്രസ് ഓഫീസുകൾ എറിഞ്ഞു തകർത്തു. ബൂത്ത് ഏജന്റിന്റെ ശരീരത്തിൽ നായ്‌കുരണ പൊടി വിതറി. 30 ഓളം ബൂത്ത് ഏജന്റുമാരെ ബുത്തിലിരിക്കാൻ സമ്മതിക്കാതെ അടിച്ചോടിച്ചു. വീടുകൾക്കു മുന്നിൽ വാൾവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരുപാട് പ്രവർത്തകർ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണെന്നും സുധാകരൻ പറഞ്ഞു. ആക്രമണ സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കള്ളവോട്ടിനെതിരേയും അക്രമങ്ങൾക്കെതിരേയും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെ"ന്നും സുധാകരൻ വ്യക്തമാക്കി.