udith

ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ മണ്ഡലത്തിലെ ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയും ദളിത് നേതാവുമായ ഡോ. ഉദിത്ത് രാജ് കോൺഗ്രസിൽ ചേർന്നു. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം ഉദിത്ത് ബി.ജെ.പി വിട്ടിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ദളിത് വിരുദ്ധ ബി.ജെ.പിക്കെതിരെയായിരിക്കും തന്റെ പ്രവർത്തനമെന്ന് കോൺഗ്രസിൽ ചേർന്നതിനുശേഷം ഉദിത്ത് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, നേതാക്കളായ കെ.സി. വേണുഗോപാൽ, ഷീല ദീക്ഷിത്, രൺദീപ് സുർജേവാല എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദിത്തിന്റെ കോൺഗ്രസ് പ്രവേശം.

പരസ്യ നിലപാടുകൾ സ്വീകരിച്ചത് വഴി കഴിഞ്ഞ കുറച്ചു കാലങ്ങളായി പാർട്ടിയിൽ സ്വീകാര്യത നഷ്ടമായ ഉദിത്തിന് പകരം ഗായകനായ ഹൻസ്​രാജ്​ ഹൻസിനെയാണ്​ വടക്കു പടിഞ്ഞാറൻ ഡൽഹി​യിൽ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത്​. ഇതിൽ ​പ്രതിഷേധിച്ചാണ്​ ഉദിത്​ രാജ് കഴിഞ്ഞ ദിവസം​ ബി.ജെ.പി വിട്ടത്​. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയെ പരസ്യമായി പിന്തുണച്ച നേതാവുകൂടിയാണ് ഉദിത്ത്. 2014 ഫെബ്രുവരിയിൽ ഇന്ത്യൻ ജസ്​റ്റിസ്​ പാർട്ടിയെന്ന തന്റെ സ്വന്തം പാർട്ടി ബി.ജെ.പിയിൽ ലയിപ്പിച്ചാണ്​ ഉദിത്​ രാജ്​ ഡൽഹിയിൽ മത്സരിച്ച്​ ജയിച്ചത്​.