shobi-tilakan

മോഹൻലാൽ നായകനായെത്തിയ ബാലേട്ടൻ എന്ന ചിത്രം ഷോബി തിലകൻ എന്ന ഡബ്ബിംഗ് കലാകാരനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച അവസരമായിരുന്നു. ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച ഭദ്രൻ എന്ന പ്രതിനായക കഥാപാത്രത്തിന് ശബ്‌ദം നൽകിയത് ഷോബിയായിരുന്നു. ഷോബിയുടെ ശബ്‌ദഗാംഭീര്യം റിയാസ് ഖാൻ എന്ന നടനെ കൂടുതൽ മികവുറ്റതാക്കുകയായിരുന്നു. തുടർന്നങ്ങോട്ട് മലയാള സിനിമയിലെ ഡബ്ബിംഗ് മേഖലയിൽ അനിഷേധ്യ ഘടകമായി മാറുകയായിരുന്നു ഷോബി.

എന്നാൽ ബാലേട്ടനിലെ ഭദ്രനേക്കാൾ ഉപരി ശരിക്കുമൊരു ഡബ്ബിംഗ് ആർട്ടിസ്‌റ്റാക്കി തന്നെ മാറ്റിയത് മമ്മൂട്ടി ചിത്രമായ പഴശ്ശിരാജ ആയിരുന്നു എന്നു പറയുകയാണ് മഹാനടൻ തിലകന്റെ ഈ മകൻ. ഹരിഹരൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ തമിഴ് സൂപ്പർതാരം ശരത് കുമാർ അവതരിപ്പിച്ച ഇടച്ചേന കുങ്കനാണ് ഷോബി ശബ‌്‌ദം പകർന്നത്. ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്‌റ്റിനുള്ള സംസ്ഥാന അവാർഡും ഷോബി തിലകനെ തേടി എത്തിയിരുന്നു.

എന്നാൽ ആ പുരസ്‌കാരത്തിന് തന്നെ അർഹനാക്കിയത് ചിത്രത്തിന്റെ സംവിധയകൻ ഹരിഹരൻ തന്നെയാണെന്ന് ഷോബി പറയുന്നു. ഇടച്ചേന കുങ്കന്റെ ഓരോ ഡയലോഗും ഹരിഹരൻ സാർ പറഞ്ഞു തന്നതനുസരിച്ചാണ് താൻ പറഞ്ഞതെന്ന് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.