cji

ന്യൂഡൽഹി: സുപ്രീം കോടതി ചിഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി‌ക്കെതിരെ മുൻ കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ അന്വേഷണം വേണെമന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്. നിലവിൽ ചീഫ് ജസ്‌റ്റിസിനെതിരായ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാനാണ് കോടതി താത്പര്യം കാട്ടുന്നത്. എന്നാൽ പരാതിയിൽ അന്വേഷണം നടത്തുകയാണ് സാമാന്യ മര്യാദയെന്ന് അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആവശ്യപ്പെട്ടു. അതേസമയം, ചീഫ് ജസ്റ്റിസിനെതിരായ പരാതിക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. സി.ബി.ഐ, ഐ.ബി ഡയറക്‌ടര്‍മാരെയും ഡല്‍ഹി പൊലീസ് കമ്മീഷണറെയും ചേംബറിൽ വിളിച്ച കോടതി ഇക്കാര്യത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്‌റ്റിനെതിരെ പരാതി ഉന്നയിക്കാൻ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന ആരോപണം ഉന്നയിച്ച അഭിഭാഷകൻ ഉത്സവ് സിംഗ് ബയൻസ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സുപ്രീം കോടതി കേസിൽ ചില നടപടികളിലേയ്ക്ക് കടന്നത്. കേസിൽ നിർണായകമായ തെളിവുകളാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനാൽ കൂടുതൽ നടപടികൾ ആവശ്യമാണെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സി.ബി.ഐ, ഐ.ബി ഡയറക്ടർമാരെയും ഡൽഹി പൊലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്തിയിരുന്നു. ചീഫ് ജസ്‌റ്റിസിനെ രാജിവപ്പിക്കാൻ രാജ്യത്തെ ഒരു പ്രമുഖ കോർപറേറ്റ് സ്ഥാപനമാണ് ലൈംഗിക ആരോപണത്തിന് പിന്നിലെന്നും ഉത്സവ് സിംഗ് ബയൻസ് ആരോപിച്ചിരുന്നു. ഇതിനായി ചിലർ തന്നെ സമീപിച്ചിരുന്നെന്നും ഒന്നര കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യത്തിൽ അദ്ദേഹം ചില തെളിവുകളും കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ഇദ്ദേഹത്ത് മതിയായ സുരക്ഷ നൽകണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്‌തു.

പണം വാങ്ങി സുപ്രീംകോടതിയിലെ കേസുകളെ സ്വാധീനിക്കുന്ന സംഘമാണ് ആരോപണത്തിന് പിന്നിലെന്നാണ് ഉത്സവിന്റെ വാദം. കോടതിയിൽ നിന്ന് അനുകൂല ഉത്തരവുകൾ ലഭിക്കാൻ ചില കോർപറേറ്റുകൾ റൊമേഷ് ശർമ്മ എന്ന ഇടനിലക്കാരൻ വഴി ശ്രമം നടത്തിയെന്നും ചീഫ് ജസ്‌റ്റിസ് വഴങ്ങാതെ വന്നപ്പോൾ ലൈംഗിക ആരോപണം ഉന്നയിച്ച് രാജിവയ്പിക്കാൻ ശ്രമം നടത്തിയെന്നും സത്യവാങ്‌മൂലത്തിൽ വിവരിക്കുന്നു. കടത്തിൽ മുങ്ങി പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയൽ ഇടനിലക്കാരൻ വഴി ചീഫ് ജസ്‌റ്റിസിന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമുണ്ട്. നരേഷ് ഗോയൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വഴിയാണ് റൊമേഷിനെ ബന്ധപ്പെട്ടതെന്നും വിവരിക്കുന്നു.