സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ മുൻ ജൂനിയർ കോർട്ട് അസിസ്റ്റന്റായ യുവതി ഉന്നയിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ജഡ്ജിമാരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയ തീരുമാനം സ്വാഗതാർഹമാണ്.
ജസ്റ്റിസ് ഗോഗോയ് കഴിഞ്ഞാൽ സുപ്രീംകോടതിയിൽ ഏറ്റവും സീനിയറായ ജഡ്ജി ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ സമിതിയിൽ എൻ.വി.രമണ,ഇന്ദിരാബാനർജി എന്നീ ജഡ്ജിമാരും അംഗങ്ങളാണ്. നീതിയുക്തമായ അന്വേഷണം നടത്തി നിജസ്ഥിതി വെളിപ്പെടുത്തുക എന്ന കർത്തവ്യമാണ് ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിലുള്ളത്. നീതിയ്ക്കായുള്ള ജനങ്ങളുടെ അവസാന അത്താണിയായ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കാനും ആരോപണത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് തുറന്നു കാട്ടാനും ഈ അന്വേഷണത്തിലൂടെ കഴിയുമെന്ന് പ്രത്യാശിക്കാം.
യുവതിയുടേത് ഹീനമായ ബ്ളാക്ക്മെയിൽ തന്ത്രമാണെന്നായിരുന്നു, ആരോപണം ഉയർന്നവേളയിൽ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അഭിപ്രായപ്പെട്ടത്. ചീഫ് ജസ്റ്റിസിനെതിരെ പീഡനാരോപണം ഉന്നയിച്ചയാൾക്കു വേണ്ടി ഹാജരാകാനും വാർത്താസമ്മേളനം സംഘടിപ്പിക്കാനും ഒന്നരക്കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്ന് അഭിഭാഷകനായ ഉത്സവ് സിംഗ് ബെയിൻസ് നടത്തിയ വെളിപ്പെടുത്തൽ വേണുഗോപാലിന്റെ വാദത്തെ സാധൂകരിക്കുന്നതുമാണ്. സുപ്രധാന കേസിൽ അനുകൂലവിധി സമ്പാദിക്കാൻ, കോർപ്പറേറ്റ് രംഗത്തെ ഉന്നതൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ, ചീഫ് ജസ്റ്റിസിനെ ആരോപണത്തിൽ കുടുക്കി രാജി സമ്മർദ്ദത്തിലാക്കാൻ ഗൂഢനീക്കം നടന്നതായി ബെയിൻസ് ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്വേഷണം നടത്താതെ കോടതിക്ക് കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കോടതി ബെയിൻസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മാത്രമല്ല സി.ബി.ഐ, ഐ.ബി എന്നീ ഏജൻസികളുടെ ജോയിന്റ് ഡയറക്ടർമാരേയും ഡൽഹി പൊലീസ് കമ്മിഷണറേയും കോടതിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. കേസിൽ ഇന്നും വാദം കേൾക്കും. ആരോപണത്തിനു പിന്നിൽ വൻശക്തികളുണ്ടെന്നും നിർണായക കേസുകൾ പരിഗണിക്കാനിരിക്കെയാണ് ആരോപണം ഉണ്ടായതെന്നും ജസ്റ്റിസ് ഗോഗോയ് തന്നെ വെളിപ്പെടുത്തിയിരുന്നു.
കളങ്കരഹിതവും മാന്യവുമായ ഔദ്യോഗിക ജീവിതപശ്ചാത്തലമുള്ള ന്യായാധിപനായിട്ടാണ് ജസ്റ്റിസ് ഗോഗോയിയെ നീതിന്യായ സമൂഹം പൊതുവെ വിലയിരുത്തുന്നത്. പക്ഷപാതമില്ലാതെ നിർഭയം പദവിയിൽ തുടരുന്ന തന്നെ സാമ്പത്തിക കാര്യങ്ങളിൽ കുടുക്കാൻ കഴിയാത്തതിനാലാണ് സംശയത്തിന്റെ നിഴലിൽ നിറുത്താൻ ലൈംഗികാരോപണവുമായി മുന്നോട്ടു വന്നതെന്ന് ജസ്റ്റിസ് ഗോഗോയ് തുറന്നു പറഞ്ഞിരുന്നു. ഇരുപതു വർഷമായി ന്യായാധിപസ്ഥാനത്ത് തുടരുന്ന തന്റെ ബാങ്ക് ബാലൻസ് 6.8 ലക്ഷം രൂപ മാത്രമാണെന്നും സത്പേര് മാത്രമാണ് തന്റെ മൂലധനമെന്നും വികാരഭരിതനായിട്ടാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.
രാജ്യത്തെത്തന്നെ ഞെട്ടിച്ച ലൈംഗികാരോപണം ഉന്നയിച്ച യുവതി സുപ്രീംകോടതിയിലെ 22 ജഡ്ജിമാർക്കാണ് പരാതി അയച്ചത്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടപ്പോൾ കോടതി ജസ്റ്റിസ് ഗോഗോയിയുടെ നേതൃത്വത്തിൽ അത്യപൂർവ സിറ്റിംഗ് നടത്തുകയും, നീതിപീഠത്തെ അസ്ഥിരപ്പെടുത്താനും കളങ്കപ്പെടുത്താനുമുള്ള ശ്രമമാണ് ആരോപണത്തിനു പിന്നിലെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വിഷയം പരിഗണിച്ച ബെഞ്ചിൽ ജസ്റ്റിസ് ഗോഗോയ് അംഗമായിരുന്നത് ഇതിനോടകം ചില വിമർശനങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.
ഗുരുതരമായ ആരോപണങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരെ യുവതി നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. പ്രലോഭനപരമായി ചീഫ് ജസ്റ്റിസ് പെരുമാറിയെന്നും വഴങ്ങിക്കൊടുക്കാതിരുന്നപ്പോൾ പ്രതികാര നടപടികൾക്ക് മുതിർന്നുവെന്നും ,അതിന് തന്റേതായ ഉദാഹരണങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. വസ്തുനിഷ്ഠമാണെന്ന് തോന്നിപ്പിക്കും വിധം പരാതികൾ ഒന്നൊന്നായി അക്കമിട്ടാണ് നിരത്തിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്ന ഒരാൾക്കുനേരെ ഈ വിധത്തിലൊരു പരാതിയുമായി കോടതിയിലെ ഒരു മുൻജീവനക്കാരി രംഗത്തു വരണമെങ്കിൽ അതിനു പിന്നിൽ ശക്തമായ ബുദ്ധികേന്ദ്രങ്ങളുണ്ടാകുമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. എന്നാൽ എല്ലാവർക്കും തുല്യനീതിയെന്ന വിശ്വാസപ്രമാണം ഉയർത്തിപ്പിടിക്കുന്ന നീതിദേവതയ്ക്കു മുന്നിൽ ആരോപണങ്ങളിലെ തെറ്റുംശരിയും പുറത്തുവരികതന്നെ വേണം.
ലോകത്തെ നീതിന്യായവ്യവസ്ഥ പരിശോധിച്ചാൽ കുറ്റമറ്റതും ഉയർന്ന നീതിബോധം കാത്തുസൂക്ഷിക്കുന്നതുമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതി.ആ വ്യവസ്ഥയ്ക്കുമേൽ സത്യവിരുദ്ധമായ ആരോപണങ്ങൾ കെട്ടിച്ചമച്ച് കളങ്കം സൃഷ്ടിക്കാൻ ആരെങ്കിലും ബോധപൂർവം ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ കടുത്തശിക്ഷ അർഹിക്കുന്നുവെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല .അത്യന്തം നിർഭാഗ്യകരമാണ് ഈ സാഹചര്യം. ഏത് കാര്യത്തിനും രണ്ടഭിപ്രായമുണ്ടാകുമെന്നതിനാൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദമുഖങ്ങൾ പരസ്യമായി ഉന്നയിക്കപ്പെടുന്നുണ്ട്. എന്തായാലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണങ്ങളിലൂടെ യഥാർത്ഥ ചിത്രം തെളിയുമെന്നും ,സത്യം പുറത്തുവരുമ്പോൾ ആരോപണത്തിന്റെ പുകമറ മായുമെന്നും വിശ്വസിക്കാനാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയിൽ വിശ്വാസമർപ്പിച്ചിട്ടുള്ള നിഷ്പക്ഷമതികൾ ആഗ്രഹിക്കുന്നത്. രാജ്യത്തെ നിയമം അതിന്റെ വഴിതേടുകയും, മാതൃക കാട്ടുകയും ചെയ്യുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം.