saudi

റിയാദ്: ശക്തമായ ഇസ്‌ലാമിക ശരീഅത്ത് നിയമം നിലനിൽക്കുന്ന സൗദി അറേബ്യയിൽ വ്യാഴാഴ്‌ച തീവ്രവാദ കേസുകളിൽ പ്രതിയായ 37 ഷിയാ വംശജരുടെ തലവെട്ടിയതായി റിപ്പോർട്ട്. തീവ്രവാദ നിലപാടുള്ളവരോടുള്ള സന്ദേശമെന്ന നിലയിൽ ഇതിൽ ചിലരുടെ തലകൾ കമ്പിയിൽ കുത്തി നിരത്തുകളിൽ പ്രദർശിപ്പിച്ചതായും വിവരമുണ്ട്. വാഷിംഗ്‌ടണിൽ ഗൾഫ് ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തുന്ന അലി അൽഅഹമ്മദ് എന്നയാളെയും വധിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങളെ കൂട്ടത്തോടെ വധിച്ചത് ഇറാനുമായുള്ള നിലവിലെ തർക്കങ്ങൾ വർദ്ധിപ്പിക്കാൻ ഇടയുണ്ടെന്ന് അന്താരാഷ്ട്ര രംഗത്തെ വിദ‌ഗ്‌ദർ പറയുന്നു.

2016ൽ 47 പേരെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് വധിച്ചതിന് ശേഷം ആദ്യമായാണ് സൗദി ഇത്രയും പേരെ ഒരുമിച്ച് തലവെട്ടുന്നത്. 1980ന് ശേഷം ഇത്രയും പേരെ ഒരുമിച്ച് വധിച്ചത് അന്ന് ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പല മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്ത് വരികയും ചെയ്‌തു. ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ സർക്കാരിനെതിരെയും രാജകുടുംബത്തിനെതിരെയും സംസാരിച്ചുവെന്ന പേരിൽ കൊലപ്പെടുത്തുകയാണെന്നാണ് ഇവരുടെ ആരോപണം. പ്രമുഖ ഷിയാ പണ്ഡിതനുൾപ്പെടെ ഉള്ളവരെ വധിച്ചത് അന്ന് പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിഷേധത്തിനും കാരണമായിരുന്നു. പിന്നാലെ തെഹ്‌റാനിലെ സൗദി എംബസി അടച്ചുപൂട്ടുകയും ചെയ്‌തു. ഇതിന് ശേഷം വഷളായ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതുവരെ പുനസ്ഥാപിക്കാൻ ആയിട്ടില്ല. ഇതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ.