തിരഞ്ഞെടുപ്പുകാലം രാഷ്‌ട്രീയ നേതാക്കളുടെ ജീവിതം പറയുന്ന സിനിമകളുടെ കാലം കൂടിയാണിപ്പോൾ. ആ നിരയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഹുൽ ഗാന്ധിയെയും കുറിച്ചുള്ള സിനിമകൾ ഉയർത്തിയ കോലാഹലങ്ങൾക്കു പിന്നാലെ തൃണമൂൽ നായിക മമതാ ബാനർജിയുടെ ജീവിതകഥ ചിത്രീകരിച്ച ബാഗിനി ആണ് പുതിയ വിവാദവിഷയം. അടുത്ത മാസം ഏഴിനും പന്ത്രണ്ടിനും തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളിൽ, അതിനു തൊട്ടുമുമ്പ് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. സിനിമയ്‌ക്ക് എതിരെ ആദ്യമേ രംഗത്തുവന്ന ബി.ജെ.പി, ബാഗിനിയുടെ ട്രെയിലർ കൂടി തടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
മൂന്നു വർഷത്തെ ഗവേഷണങ്ങൾക്കു ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതെന്നു പറയുന്ന സംവിധായകൻ നേഹൽ ദത്ത, തന്റെ സിനിമ മമതാ ബാനർജിയുടെ സമ്പൂർണ ജീവിചരിത്രമല്ലെന്നു കൂടി വെളിപ്പെടുത്തുന്നു. മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് ഒരു സ്‌ത്രീക്ക് കൈവരിക്കാനാവുന്ന ഉയരങ്ങളാണ് വിഷയം. ബാഗിനി- ബംഗാൾ പെൺപുലി എന്നാണ് സിനിമയുടെ മുഴുവൻ പേര്. മമതാ ബാനർജിയായി വെള്ളിത്തിയിലെത്തുന്നത് റുമ ചക്രവർത്തി. നിർമ്മാതാവായ പിങ്കി മണ്ഡൽ തന്നെയാണ് തിരക്കഥാകൃത്തും.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെക്കുറിച്ചുള്ള 'ദ ആക്‌സിഡന്റ്ൽ പ്രൈംമിനിസ്റ്റർ', ബാൽ താക്കറെയുടെ ജീവിതം ആധാരമാക്കിയുള്ള 'താക്കറെ' എന്നീ ചിത്രങ്ങൾ ജനുവരിയിൽ പുറത്തുവന്നിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള 'മൈ നെയിം ഈസ് രാഗ' ഈ മാസംതന്നെ തിയറ്ററിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.