കേരളം വിധിയെഴുത്തു കഴിഞ്ഞ്, ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പ് തുടരുമ്പോൾ രാജ്യത്ത് നാലാംഘട്ട പോളിംഗ് തിങ്കളാഴ്‌ച. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ബംഗാൾ, മദ്ധ്യപ്രദേശ്, ഒഡിഷ, ബീഹാർ, ജാർഖണ്ഡ്, ജമ്മു കശ്‌മീർ എന്നീ എട്ടു സംസ്ഥാനങ്ങളിലായി 71 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് 29-ന് വോട്ടെടുപ്പ് നടക്കുക.
ആകെ 545 ലോക്‌സഭയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം 543 ആണ് (രണ്ട് ആംഗ്ളോ ഇന്ത്യൻ പ്രതിനിധികളെ രാഷ്‌ട്രപതി നാർനിർദ്ദേശം ചെയ്യുകയാണ് ചെയ്യുക). കഴിഞ്ഞ മൂന്നു ഘട്ടങ്ങളിലായി ഇതുവരെ വോട്ടെടുപ്പ് പൂർത്തിയായത് 303 മണ്ഡലങ്ങളിൽ. പകുതിയിലധികം സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും രാജ്യത്തിന്റെ ഭാവിരാഷ്‌ട്രീയം നിർണയിക്കുന്ന വലിയ സംസ്ഥാനങ്ങളിലെ പോളിംഗ് അടുത്ത നാലു ഘട്ടങ്ങളിലായാണ് നടക്കുക.
യു.പിയിൽ നാലാം ഘട്ടത്തിൽ ഷാജഹാൻപൂർ, ഖെരി, ഹർദോയി, മിസ്‌രിഖ്, ഉന്നാവോ, ഫറൂഖാബാദ്, ഇറ്റാവ, കനൗജ്,കാൺപൂർ, അക്ബർപൂർ, ജലൗൻ, ജ്ഝാൻസി, ഹാമിർപൂർ എന്നീ 13 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മഹാരാഷ്‌ട്രയിലെ 17 സീറ്റുകൾ, രാജസ്ഥാനിലെ 13 മണ്ഡലങ്ങൾ, ബംഗാളിലെ എട്ടു സീറ്റ്, മദ്ധ്യപ്രദേശിലെയും ഒഡിഷയിലെയും ആറു സീറ്റുകൾ വീതം, ബീഹാറിലെ അഞ്ചു സീറ്റ്, ജാർഖണ്ഡിലെ മൂന്നു മണ്ഡലങ്ങൾ എന്നിവിടങ്ങൾക്കു പുറമെ ജമ്മു കശ്‌മീരിലെ അനന്ത്നാഗ് മണ്ഡലത്തിലേക്കും അന്നുതന്നെ പോളിംഗ് നടക്കും.
നാലാം ഘട്ടത്തിലെ സ്ഥാനാർത്ഥികളിൽ ആകെ 306 പേർ കോടിപതികളാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവരിൽ 109 പേർ മഹാരാഷ്‌ട്രയിൽ നിന്നാണ്. മുംബയ് സൗത്ത് സെൻട്രലിൽ മത്സരിക്കുന്ന വാഞ്ചിത് ബഹുജൻ അഘാഡി സ്ഥാനാർത്ഥിയായ സഞ്ജയ് ഭോസ്‌ലെയാണ് നാലാംഘട്ട സ്ഥാനാർത്ഥികളിലെ മഹാകോടീശ്വരൻ. വെളിപ്പെടുത്തിയ ആകെ സമ്പാദ്യം 125 കോടി. മുംബയ് നോർത്ത് ഈസിറ്റിൽ മത്സരിക്കുന്ന സ്വതതന്ത്ര സ്ഥാനാർത്ഥി ബബൻ ധോകെയാണ് സ്ഥാനാർത്ഥികളിലെ ദരിദ്രൻ! തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ അദ്ദേഹം സമർപ്പിച്ച രേഖകളനുസരിച്ച് സമ്പാദ്യം വെറും 1100 രൂപ. 51 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട പോളിംഗ് മേയ് ആറിനാണ്.