death-

കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മറ്റക്കര സ്വദേശി പ്രഭാകരനെ (72) ഹൃദ്രോഗസാദ്ധ്യത കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കട്ടച്ചിറ കടവിൽ പി.ആർ. രാജന്റെ ഭാര്യ ഉഷാ രാജനെ (50) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതേ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രഭാകരൻ. കൊലയ്ക്കുശേഷം അടിമാലിയിലെ ബന്ധുവീട്ടിൽ എത്തിയ പ്രതി, രാത്രി ഏറെ വൈകി തിരികെ മടങ്ങിയെത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ‌പ്രഭാകരന്റെ രണ്ടു സഹോദരന്മാരുടെ മരണം. ഈ സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണത്തിനായി പ്രതിയെ അഡ്മിറ്റാക്കുകയായിരുന്നു. ഡോക്ടർമാരുടെ അഭിപ്രായം അറിഞ്ഞശേഷമേ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.

സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മുപ്പതിനായിരത്തോളം രൂപ പല തവണയായി ഉഷ, പ്രഭാകരന്റെ പക്കൽ നിന്നു വാങ്ങിയിരുന്നു. ഞായറാഴ്ച ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉഷയുടെ സംസ്‌കാരം ഇന്നലെ നടത്തി.