daya

ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ മുൻ നേതാവുമായ എം.കെ. അഴഗിരിയുടെ മകൻ ദയാനിധി അഴഗിരിയുടെ പേരിലുള്ള 40.34 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദയാനിധി ഡയറക്ടറായ ഒളിംപസ് ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടുള്ള അനധികൃത ഖനന കേസിലാണ് നടപടി. കള്ളപ്പണം തടയൽ നിയമപ്രകാരം (പി.എം.എൽ.എ) സ്ഥാപനത്തിനെതിരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്ത് കണ്ടുകെട്ടുന്നതെന്ന് ഇ.ഡി വ്യക്തമാക്കി. ചെന്നൈയിലും മധുരയിലുമായുള്ള 25ഓളം വസ്തുവകകളാണ് കണ്ടുകെട്ടിയത്. അനധികൃത കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ട് 2017ൽ കമ്പനിക്കും ഡയറക്ടർമാർക്കും പ്രൊമോട്ടർമാർക്കുമെതിരെ തമിഴ്‌നാട് പൊലീസ് എഫ്‌.ഐ.ആർ രേഖപ്പെടുത്തിയിരുന്നു. തമിഴ്‌നാട് മിനറൽസിന്റെ ഭൂമിയിൽ അനധികൃത ഖനനം നടത്തിയതിലും അതിന്റെ ഗൂഢാലോചനയിലും കമ്പനി ഓഹരി ഉടമകളായ എസ്. നാഗരാജൻ,​ ദയാനിധി അഴഗിരി എന്നിവർ പങ്കാളികളാണെന്ന് കേസിലെ കുറ്റപത്രത്തിൽ പറയുന്നു. സംസ്ഥാന സർക്കാരിന് 257 കോടിയുടെ നഷ്ടമാണ് അനധികൃത ഖനനം കാരണമുണ്ടായതെന്നും ഇ.ഡി വ്യക്തമാക്കി.